Saturday, May 4, 2024
Newsworld

അന്തര്‍ വാഹിനിയിലെ ഓക്‌സിജന്‍ ഒരു ദിവസത്തേക്ക് മാത്രം

വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കനേഡിയന്‍ ഭാഗത്ത് കാണാതായ അന്തര്‍വാഹിനിക്കായി തെരച്ചില്‍ തുടരുന്നു. രണ്ട് ദിവസം മുന്‍പാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ 5 വിനോദ സഞ്ചാരികളുമായി പോയ അന്തര്‍ വാഹിനി കാണാതായത്. ഇനി ഒരു ദിവസത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണ് അന്തര്‍ വാഹനിയില്‍ ശേഷിക്കുന്നത്. ഇന്നലെ രാത്രിയും സമുദ്രാന്തര്‍ഭാഗത്ത് തെരച്ചില്‍ തുടര്‍ന്നു. ഇതുവരെ ഏകദേശം ഇരുപത്തി ആറായിരം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് തെരച്ചില്‍ നടത്തി. കനേഡിയന്‍ നാവികസേനയ്‌ക്കൊപ്പം അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡും തെരച്ചിലിനായി രംഗത്തുണ്ട്. ഇന്നലെ വൈകിട്ടോടെ ഡീപ് എനര്‍ജി എന്ന മറ്റൊരു കപ്പല്‍ക്കൂടി അറ്റ്‌ലാന്റിക്കില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് വിമാനങ്ങളും നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്. അന്തര്‍വാഹിനി കപ്പലില്‍ ബ്രിട്ടീഷ് കോടീശ്വരനുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആഫ്രിക്കയില്‍ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്ങാണ് അപകടത്തില്‍പ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് സംശയിക്കുന്നത്. ഹാര്‍ഡിങ്ങിനെക്കൂടാതെ, ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധന്‍ പോള്‍ – ഹെന്റി നര്‍ജിയോലെറ്റ്, ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സ് സ്ഥാപകന്‍ സ്റ്റോക്ക്ടണ്‍ റഷ്, പാകിസ്ഥാന്‍ വ്യവസായി ഷഹ്സാദ ദാവൂദ്, മകന്‍ സുലൈമാന്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. കാനഡയില്‍ നിന്നും യാത്ര തിരിച്ച കപ്പലാണ് കാണാതായത്. അന്തര്‍വാഹിനി കാണാതായ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് ബിബിസിയാണ്. എപ്പോഴാണ് അന്തര്‍വാഹിനി കാണാതായത് എന്നോ, കൃത്യമായി എത്ര യാത്രക്കാരാണ് ഇതില്‍ ഉള്ളത് എന്ന കാര്യത്തിലോ ഇനിയും വ്യക്തതയില്ല എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രയുടെ സംഘാടകര്‍ യുഎസ് കമ്പനിയായ ഓഷന്‍ഗേറ്റ് എക്‌സ്പഡീഷന്‍സാണ്. വളരെ സാഹസികമായ, സമുദ്രാന്തര്‍ഭാഗമടക്കം സന്ദര്‍ശിച്ചു കൊണ്ടുള്ള അനേകം യാത്രകളും പരിപാടികളും സാധാരണയായി ഓഷന്‍?ഗേറ്റ് സംഘടിപ്പിക്കാറുണ്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള ഈ യാത്രയ്ക്ക് ഓരോ യാത്രക്കാരില്‍ നിന്നും രണ്ടുകോടി രൂപയാണ് കമ്പനി ഈടാക്കിയത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എട്ട് ദിവസത്തെ പര്യടനം ഉള്‍ക്കൊള്ളുന്നതാണ് ഈ യാത്ര. കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്താനും അവരുടെ കുടുംബങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത സമ്മാനിക്കാനുമാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്നാണ് അന്തര്‍വാഹിനി കാണാതായതിനെ തുടര്‍ന്ന് ഓഷന്‍?ഗേറ്റ് കമ്പനി പ്രതികരിച്ചത്. അടുത്തിടെ കമ്പനി തങ്ങളുടെ എട്ട് ദിവസത്തെ പര്യടനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരുന്നു. അതില്‍ അന്തര്‍വാഹിനിയില്‍ ജീവനക്കാരടക്കം അഞ്ചുപേരെ ഉള്‍ക്കൊള്ളും എന്നും വ്യക്തമാക്കിയിരുന്നു. ഏതായാലും കാണാതായവരെ കണ്ടെത്താനുള്ള ശ്രമം സജീവമായി തുടരുകയാണ്. യുഎസ് കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.