Monday, April 29, 2024
keralaNews

ജല്‍ ജീവന്‍ പദ്ധതി പ്രകാരം കേരളത്തിന് 1,804.59 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.

എല്ലാ വീടുകളിലും കുടിവെള്ളം എത്തിയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന്‍ പദ്ധതി ഊര്‍ജ്ജിതമാക്കാനൊരുങ്ങുന്നു.പദ്ധതിയ്ക്ക് വേണ്ടി കേരളത്തിന് 2021-22 വര്‍ഷത്തിലേക്ക് 1,804.59 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിനായി 404.24 കോടി രൂപയായിരുന്നു അനുവദിച്ചത്. 2024ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.ജല്‍ ജീവന്‍ പദ്ധതി ഓരോ മാസത്തിലും വിലയിരുത്തണമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കാവത്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചു. എല്ലാവര്‍ക്കും കുടിവെള്ളം എത്തിയ്ക്കുന്ന കേന്ദ്ര പദ്ധതി നടപ്പാക്കുന്നതില്‍ കേരളം വളരെ പിന്നിലാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.

2019ല്‍ ജല്‍ ജീവന്‍ പദ്ധതി തുടങ്ങുന്ന സമയത്ത് കേരളത്തിലെ 97.14 ലക്ഷം വീടുകളില്‍ 16.64 ശതമാനം മാത്രമാണ് കുടിവെള്ള സൗകര്യം ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അത് 23 ലക്ഷം വീടുകളില്‍ നടപ്പാക്കി. എല്ലാവീടുകളിലും കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുന്നില്ലെന്നും മന്ത്രി ഗജേന്ദ്ര സിംഗ് കത്തില്‍ ചൂണ്ടിക്കാട്ടി.ദീര്‍ഘകാല അടിസ്ഥാനിത്തില്‍ ആവശ്യമായ അളവിലും ഗുണമേന്മയിലും തുടര്‍ച്ചയായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും പൈപ്പ് കണക്ഷനിലൂടെ ശുദ്ധജലം എത്തിച്ച ആദ്യ സംസ്ഥാനം ഗോവയാണ്. ഇതിന് പിന്നാലെ തമിഴ്നാട്, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും പൂര്‍ണമായും പദ്ധതിയുടെ ഭാഗമായിരുന്നു.