Friday, April 26, 2024
keralaNews

സി ബി എസ് ഇ 12ാം ക്ലാസ് മൂല്യനിര്‍ണയ മാനദണ്ഡമായി; പരീക്ഷാഫലം 10,11,12 മാര്‍ക്ക് അടിസ്ഥാനമാക്കി, ഫലപ്രഖ്യാപനം ജൂലായ് 31നകം

12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയില്‍ കണക്കാക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കും. 30:30:40 എന്ന അനുപാതം പ്രകാരമായിരിക്കും ഇതു നടപ്പാക്കുക. ഹര്‍ജിയില്‍ വിധി ഇന്നുണ്ടാകും.10, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയ്ക്ക് 30% വീതം വെയ്‌റ്റേജ് നല്‍കുമെന്നും 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40% വെയ്‌റ്റേജ് നല്‍കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ മാര്‍ക്കുകളാണ് ഇങ്ങനെ നിര്‍ണയിക്കുക. പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്കുകള്‍ സ്‌കൂളുകള്‍ സമര്‍പ്പിക്കണം.ഈ ഫലനിര്‍ണയം നിരീക്ഷിക്കാന്‍ 1000 സ്‌കൂളുകള്‍ക്ക് ഒരു സമിതി എന്ന നിലയില്‍ രൂപീകരിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ചില സ്‌കൂളുകള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് വലിയതോതില്‍ മാര്‍ക്ക് നല്‍കുകയും ചിലര്‍ കുറവു നല്‍കുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഇതു ഫലത്തെ ബാധിക്കാതിരിക്കാനാണ് ഈ സമിതിയെ രൂപീകരിക്കുന്നത്. ഇവ നടപ്പാക്കി ജൂലൈ 31ന് മുന്‍പ് ഫലം പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.കെ. വേണുഗോപാല്‍ അറിയിച്ചു.