Wednesday, May 8, 2024
keralaNewsObituarypolitics

ജയലളിതയുടെ മരണവിവരം പുറംലോകമറിഞ്ഞത് ഒരു ദിവസം കഴിഞ്ഞെന്ന് :  മരണസമയത്ത് ജയലളിതയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന്

ചെന്നൈ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയെന്ന് അന്വേഷണ കമ്മീഷന്‍. മരണം സംഭവിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോഴാണ് ഏറെ നിര്‍ണായകമായ കണ്ടെത്തലുകള്‍ വരുന്നത്. എഐഎഡിഎംകെ നേതാവായിരുന്ന ജയലളിതയുടെ മരണം സംബന്ധിച്ച് ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലാണ് ദുരൂഹത സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എഐഎഡിഎംകെ ഇടക്കാല അദ്ധ്യക്ഷയായിരുന്ന ശശികലയ്ക്കും മറ്റ് മൂന്ന് നേതാക്കള്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കമ്മീഷന്‍ ഇവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന അന്വേഷണ റിപ്പോര്‍ട്ട് തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.        വൈകാതെ തന്നെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തി സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നാണ് വിവരം. മരണം സംഭവിച്ചതായി അപ്പോളോ ആശുപത്രി അധികൃതര്‍ പറയുന്ന ഡിസംബര്‍ 5ന് തലേദിവസം തന്നെ അവര്‍ മരിച്ചിരുന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. വിദേശത്തുള്ള ആരോഗ്യവിദഗ്ധര്‍ ജലയളിതയ്ക്ക് ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നുവെന്നും ഇത് നടപ്പാക്കാന്‍ തയ്യാറായില്ലെന്നും കമ്മീഷന്‍ ആരോപിക്കുന്നുണ്ട്. മരണസമയത്ത് ജയലളിതയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന ഗുരുതരമായ ആരോപണമാണ് കമ്മീഷന്‍ പ്രധാനമായും ഉന്നയിക്കുന്നത്. ജയലളിതയുടെ പേഴ്സണല്‍ ഡോക്ടര്‍ കെ.എസ് ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, അക്കാലത്തെ ആരോഗ്യമന്ത്രിയായിരുന്ന സി. വിജയഭാസ്‌കര്‍ എന്നിവര്‍ക്കെതിരായാണ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ജയലളിതയുടെ ആരോഗ്യനില വഷളായ ഘട്ടത്തില്‍ ഇവര്‍ സ്വീകരിച്ച തെറ്റായ തീരുമാനങ്ങളും നടപടികളുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. ജയലളിതയുടെ മരണം അന്വേഷിക്കാന്‍ 2017 ലാണ് വിരമിച്ച ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷനെ നിയോഗിച്ചത്. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വമായിരുന്നു ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്.                                                                                                      തുടര്‍ന്ന് അറുമുഖസ്വാമി കമ്മീഷനെ നിയോഗിക്കുകയായിരുന്നു. 2016 സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം മുതല്‍ ഡിസംബര്‍ അഞ്ചിന് മരണം സംഭവിച്ചതായി പറയപ്പെടുന്ന ദിവസം വരെ നടന്ന കാര്യങ്ങളും ആശുപത്രിയിലേക്ക് എത്തിക്കാനിടയായ സംഭവങ്ങളും അതിന് മുമ്പുണ്ടായിരുന്ന ആരോഗ്യനിലയുടെ വിശദാംശങ്ങളുമെല്ലാം അന്വേഷണ കമ്മീഷന്‍ തേടിയിരുന്നു. കമ്മീഷന് മുമ്പില്‍ ഏകദേശം 160ഓളം സാക്ഷികളെ വിസ്തരിച്ചു. ഒടുവില്‍ തമിഴില്‍ എഴുതിയ 608 പേജുകളുടെ റിപ്പോര്‍ട്ടും ഇതേകാര്യങ്ങള്‍ ഇംഗീഷിലേക്ക് വിവര്‍ത്തനം ചെയ്ത് 500 പേജുള്ള റിപ്പോര്‍ട്ടും കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.