Friday, May 3, 2024
indiaNewsObituary

ജയലളിതയുടെ മരണം: അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് സമര്‍പ്പിച്ചു. വിരമിച്ച ജഡ്ജി എ. അറുമുഖസ്വാമി നേതൃത്വം കൊടുത്ത കമ്മീഷന്റെ കണ്ടെത്തലുകള്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് സമര്‍പ്പിച്ചു. 2017ലാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. 14 തവണ കമ്മീഷന്റെ സമയം നീട്ടി നല്‍കിയിരുന്നു. ഈ മാസം ആഗസ്റ്റ് നാലിന് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടാണ് വീണ്ടും സമയം നീട്ടി നല്‍കിയതിനാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഇന്ന് സമര്‍പ്പിച്ചത്.

റിട്ടയേര്‍ഡ് ജസ്റ്റിസ് അറുമുഖ സ്വാമിയുടെ അന്വേഷണ കമ്മീഷനെ സഹായിക്കാനായി വൈദ്യശാസ്ത്ര വിദഗ്ധരുടെ സംഘത്തിനേയും വിട്ടുനല്‍കിയിരുന്നു. ജയലളിതയെ അവസാന സമയത്ത് പ്രവേശിപ്പിച്ച എയിംസും അപ്പോളോയും അന്വേഷണ കമ്മീഷന് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ജയലളിതയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണം ഉന്നയിച്ച പ്രതിപക്ഷമാണ് നിലവില്‍ ഭരണത്തിലുള്ളത്. ഭരണത്തിലേറിയ ഉടനെ അന്വേഷണ കമ്മീഷനെ വയ്ക്കുകയായിരുന്നു. അറുന്നൂറു പേജുകള്‍ വരുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ജയലളിതയുമായി ബന്ധപ്പെട്ടും അല്ലാതെയുമുളള 600 സാക്ഷികളില്‍ നിന്ന് കമ്മീഷന്‍ തെളിവെടുത്തു. ഇംഗ്ലീഷിലും തമിഴിലുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കപ്പെട്ടത്.