Monday, April 29, 2024
indiaNews

ജമ്മു കശ്മീരില്‍ അതിര്‍ത്തി പോസ്റ്റില്‍ ആക്രമണം നടത്താനുള്ള ശ്രമത്തിനിടെ പരിക്കേറ്റ പാകിസ്ഥാന്‍ ഭീകരന് ഇന്ത്യന്‍ സൈനികര്‍ രക്തം നല്‍കി ജീവന്‍ രക്ഷിച്ചു.

ദില്ലി: ജമ്മു കശ്മീരിലെ രജൗരിയിലെ അതിര്‍ത്തി പോസ്റ്റില്‍ ആക്രമണം നടത്താനുള്ള ശ്രമത്തിനിടെ പരിക്കേറ്റ പാകിസ്ഥാന്‍ ഭീകരന് ഇന്ത്യന്‍ സൈനികര്‍ രക്തം നല്‍കി ജീവന്‍ രക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ ഭീകരന് സൈനികര്‍ മൂന്ന് കുപ്പി രക്തമാണ് നല്‍കിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം 21നായിരുന്നു ആക്രമണം. പാക് അധീന കശ്മീരിലെ കോട്ലി ജില്ലയിലെ സബ്സ്‌കോട്ട് ഗ്രാമവാസിയായ തബാറക് ഹുസൈന്‍ എന്ന 32 കാരനാണ് സൈന്യത്തിന്റെ പിടിയിലായത്. ഓഗസ്റ്റ് 21 ന് രാവിലെ നൗഷേരയിലെ ജങ്കാര്‍ സെക്ടറില്‍ സൈനികര്‍ നിയന്ത്രണ രേഖക്ക് സമീപം ഭീകരരുടെ സാന്നിധ്യമുള്ളതായി തിരിച്ചറിഞ്ഞു. ഒരു ഭീകരന്‍ ഇന്ത്യന്‍ പോസ്റ്റിന് സമീപം വന്ന് വേലി മുറിക്കാന്‍ ശ്രമിച്ചു. ഈ സമയം സൈനികര്‍ തിരിച്ചടിച്ചു. ഭീകരന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റ് താഴെ വീണു. പിന്നില്‍ ഒളിച്ചിരുന്ന മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു- നൗഷേര ബ്രിഗേഡ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ കപില്‍ റാണ പറഞ്ഞു.
തുടയിലും തോളിലും രണ്ട് വെടിയുണ്ടകള്‍ ഏറ്റതിനാല്‍ ഭീകരന്ന് രക്തം ആവശ്യമായിവന്നു. പരിക്ക് ഗുരുതരമായിരുന്നു. രക്തഗ്രൂപ്പുമായി ചേരുന്ന മൂന്ന് സൈനികര്‍ അംഗങ്ങള്‍ മൂന്ന് കുപ്പി രക്തം നല്‍കി.ഭീകരനെ ശസ്ത്രക്രിയ നടത്തി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ”രാജൗരിയിലെ ആര്‍മി ആശുപത്രി കമാന്‍ഡന്റ് ബ്രിഗേഡിയര്‍ രാജീവ് നായര്‍ പറഞ്ഞു. ആരോഗ്യനില വീണ്ടെടുത്തുവെന്നും അപകടനില തരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. 2016 ഏപ്രിലില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഹുസൈനും 15 വയസ്സുള്ള സഹോദരന്‍ ഹാറൂണ്‍ അലിയും പിടിയിലായെങ്കിലും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ 2017 നവംബറില്‍ തിരിച്ചയച്ചു.

കേണല്‍ യൂനുസ് ചൗധരി എന്ന പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനാണ് തന്നെ അയച്ചതെന്നും ഇന്ത്യന്‍ പോസ്റ്റ് ആക്രമിക്കാന്‍ പാകിസ്ഥാന്‍ കറന്‍സിയില്‍ 30,000 രൂപ നല്‍കിയെന്നും ഹുസൈന്‍ ചോദ്യം ചെയ്തവരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇയാളും മറ്റ് ഭീകരരും ചേര്‍ന്ന് ഇന്ത്യന്‍ ഫോര്‍വേഡ് പോസ്റ്റുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ഓഗസ്റ്റ് 21 ന് ആക്രമണത്തിന് ചൗധരി അവര്‍ക്ക് അനുമതി നല്‍കിയതായി സൈന്യം അറിയിച്ചു. രണ്ട് വര്‍ഷമായി ഹുസൈന്‍ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൈനിക പ്രസ്താവനയില്‍ പറയുന്നു. നിയന്ത്രണരേഖയ്ക്ക് കുറുകെയുള്ള ലഷ്‌കര്‍-ഇ-തൊയ്ബ പരിശീലന ക്യാമ്പില്‍ ആറാഴ്ചത്തെ പരിശീലനവും ഇയാള്‍ക്ക് ലഭിച്ചു.