Tuesday, May 7, 2024
keralaNews

ഡെന്‍സി ആന്റണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുത്തു.

ചാലക്കുടി:രണ്ടരവര്‍ഷം മുമ്പ് അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ചാലക്കുടി സ്വദേശിനി ഡെന്‍സി ആന്റണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുത്തു. നോര്‍ത്ത് ചാലക്കുടി സെയ്ന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തിരുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് പുറത്തെടുത്തത്. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച തന്നെ വീണ്ടും അടക്കം ചെയ്യും.
ഡെന്‍സിയുടെ മരണം കൊലപാതകമാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. നിലമ്പൂരില്‍ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഡെന്‍സിയുടെ മരണത്തിലും വെളിപ്പെടുത്തലുണ്ടായത്. നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷൈബിന്‍ അഷ്റഫിന്റെ പദ്ധതിപ്രകാരം ഡെന്‍സിയെയും കുന്ദമംഗലം സ്വദേശി ഹാരിസിനെയും അബുദാബിയില്‍വെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഷൈബിന്റെ കൂട്ടാളികളുടെ വെളിപ്പെടുത്തല്‍.

പ്രവാസി വ്യവസായിയായ ഹാരിസിനെയും ഇദ്ദേഹത്തിന്റെ ജീവനക്കാരിയായ ഡെന്‍സിയെയും 2020 മാര്‍ച്ച് അഞ്ചാം തീയതിയാണ് അബുദാബിയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃത്യമായ ആസൂത്രണത്തിലൂടെ ഇരുവരെയും കൊലപ്പെടുത്തിയ പ്രതികള്‍, സംഭവം ആത്മഹത്യയായി ചിത്രീകരിക്കുകയായിരുന്നു. പിന്നീട് നാട്ടുവൈദ്യന്റെ കൊലപാതകവിവരം പുറത്തറിഞ്ഞ സമയത്താണ് അബുദാബിയിലെ കൊലപാതകം ആസൂത്രണം ചെയ്ത വിവരങ്ങളും പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഹാരിസിന്റെ മൃതദേഹവും പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഡെന്‍സിയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിക്കാന്‍ തീരുമാനിച്ചത്.