Friday, May 17, 2024
keralaNews

ജനുവരി 1 മുതല്‍ ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടി 1500 രൂപയാക്കും;ഭക്ഷ്യകിറ്റ് വിതരണം നാല്മാസം കൂടി തുടരും ;മുഖ്യമന്ത്രി.

പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കി അഭിമാനകരമായ നേട്ടമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്നും രണ്ടാം ഘട്ട നൂറു ദിന കര്‍മപരിപാടി പ്രഖ്യാപിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 1 മുതല്‍ ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടി 1500 രൂപയാക്കും. റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല്മാസംകൂടി തുടരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 600 രൂപയായിരുന്നു ക്ഷേമപെന്‍ഷന്‍. 80 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യക്കിറ്റ് നല്‍കുന്നത്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സര്‍ക്കാര്‍ നൂറു ദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട നൂറു ദിന പരിപാടി ഡിസംബര്‍ ഒമ്പതിന് ആരംഭിച്ചു.തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. രണ്ടാം ഘട്ടത്തില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തികരിക്കുകയാണ് ലക്ഷ്യം.5700 കോടിയുടെ 526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31നകം നടക്കും. കെ ഫോണ് പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തും. ലൈഫ് പദ്ധതിയില് 15,000 വീടുകള് കൂടി അനുവദിക്കും. 35,000 വീടുകളുടെ നിര്മാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണ്.കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന് പദ്ധതി പൂര്‍ത്തീകരിച്ചു. ജനുവരി അഞ്ചാം തീയതി പ്രധാനമന്ത്രി ഗെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.സമ്പദ്ഘടനാ മരവിപ്പ് മാറാന്‍ ഇടപെടും. കേരള ബാങ്ക് , പ്രാഥമിക സഹകരണ ബാങ്കുകള്‍ ഇവയിലുടെ നല്‍കുന്ന വായ്പകളിലുടെ പതിനായിരം തൊഴിലുകള്‍ ഉറപ്പാക്കും.ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ ഇതിനകം സൃഷ്ടിക്കാന്‍ കഴിഞ്ഞു.1,16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.രണ്ടാം ഘട്ടത്തില്‍ അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ നല്കും. 183 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും.ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31-ന് മുമ്പ് നടത്തും.മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും.

കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്നതിനുള്ള സവിശേഷ തീരുമാനങ്ങളും ഈ പരിപാടിയുടെ ഭാഗമായി ഉണ്ടായി. പച്ചക്കറിയുടെ തറവില പ്രഖ്യാപനം, നെല്വയലുകള്ക്ക് റോയല്റ്റി നടപ്പാക്കല്‍ എന്നിവയാണ് അവ. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന് പ്രാദേശികതലത്തില്‍ സംഭരണ സംവിധാനം നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്. കാര്‍ഷികോല്പന്നങ്ങളുടെ ന്യായവിലക്കുവേണ്ടിയും വിപണിക്കുവേണ്ടിയും ദേശ വ്യാപകമായി കര്‍ഷകര്‍ സമരം ചെയ്യുന്ന ഘട്ടമാണിത്. ഈ സമയത്ത് പ്രത്യേകമായി കാര്‍ഷികമേഖലയില്‍ നാം നടപ്പാക്കിയ കാര്യങ്ങള്‍ശ്രദ്ധേയമായി ഉയര്‍ന്നുനില്ക്കുകയാണ്.അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിന് ഉല്പാദനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്സവകാലങ്ങളില്‍ വില ഉയര്‍ച്ച ഉണ്ടാകാറുള്ളത് പിടിച്ചുനിര്‍ത്താനായി. അരിയുടെ വില കുറയുകയാണ് ചെയ്തത്. കോവിഡ് ചികിത്സ സൗജന്യമായി നല്‍കുന്ന സംസ്ഥാനമാണ് കേരളം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ല്‍ നിന്ന് 10ല്‍ താഴെയാക്കി കുറയ്ക്കാന്‍ കഴിഞ്ഞു.കൊച്ചി വാട്ടര്‍മെട്രോ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും.നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലങ്ങള്‍ റോഡുകള്‍ എന്നിവ ഉടനെ തുറന്നുകൊടുക്കും. സ്‌കൂള്‍,കോളേജുകള്‍,ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും.9 പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കും. ഉന്നത വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തും. കൂടുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.