Wednesday, May 15, 2024
EntertainmentkeralaNews

കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

കൊച്ചി :നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയിലെ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇത്. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ എത്താനാണു കാവ്യയ്ക്കു നല്‍കിയ നിര്‍ദേശം. ഇപ്പോള്‍ ചെന്നൈയിലുള്ള കാവ്യയ്ക്ക് എത്താനായില്ലെങ്കില്‍ അവിടെയെത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്തും വ്യവസായിയുമായ എസ്.ശരത്ത് എന്നിവര്‍ തമ്മിലുള്ള സംഭാഷണമാണു ശബ്ദരേഖയിലുള്ളത്.

കേസിനു വഴിയൊരുക്കിയ സംഭവങ്ങള്‍ക്കു തുടക്കം, സുഹൃത്തുക്കളായിരുന്ന അതിജീവിതയും കാവ്യാ മാധവനും തമ്മിലുള്ള പിണക്കവും വൈരാഗ്യവുമാണെന്നു വിശദീകരിക്കുന്നതാണു ശബ്ദരേഖയിലെ സുരാജിന്റെ വാക്കുകള്‍. ജയിലില്‍ നിന്നുള്ള പ്രതികളുടെ ഫോണ്‍ കോള്‍ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ എടുത്തതിനു ശേഷമാണ് അന്വേഷണം ദിലീപില്‍ എത്തിയതെന്നും പറയുന്നുണ്ട്.

കാവ്യയെ കുടുക്കാന്‍ ചില കൂട്ടുകാരികള്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കു കാവ്യ നല്‍കിയ പണിയാണു സംഭവമെന്നും ദിലീപിന് അതില്‍ ബന്ധമില്ലെന്നും സുരാജ് പറയുന്നു. ശബ്ദരേഖയിലുള്ളതു സുരാജിന്റെയും ശരത്തിന്റെയും ശബ്ദമാണെന്നു ദിലീപ് സമ്മതിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. കേസില്‍ തനിക്കും കാവ്യയ്ക്കും ബന്ധമില്ലെന്നാണു ദിലീപിന്റെ മൊഴി.