Tuesday, May 7, 2024
keralaNewsObituary

ജനഹൃദയങ്ങളില്‍ നിന്ന് ദൈവത്തിന്റെ കരങ്ങളിലേക്ക് ജന നായകന് വിട

പുതുപ്പള്ളി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി ജന്മനാട് യാത്രാമൊഴി നല്‍കി. പുതുപ്പള്ളി വലിയപള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കാര ശിശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്നു.               കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.                  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഉള്ളവര്‍ വിലാപ യാത്രയില്‍ പങ്കെടുത്തു. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. അക്ഷര നഗരിയില്‍ ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി വലിയ പള്ളിയില്‍ വിട നല്‍കിയത്. അമ്പത്തിമൂന്ന് വര്‍ഷം ഹൃദയത്തില്‍ സൂക്ഷിച്ച പുതുപ്പള്ളിയുടെ മടിത്തട്ടിലേക്ക് ഉമ്മന്‍ ചാണ്ടി തിരികെ എത്തി.പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ ഒമ്പത് മണിയോടെ പള്ളിയില്‍ സംസ്‌കാരശുശ്രൂഷ ആരംഭിച്ചത് . പ്രത്യേകമായി തയ്യാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്‍മാരും സഹകാര്‍മികരാകും.

ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം നേരത്തെ അറിയിച്ചതിനാല്‍ ഇതുപ്രകാരം ഔദ്യോഗിക ബഹുമതിയില്ലാതെയാണ് സംസ്‌കാരം നടക്കുക.                                                    മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന പൊതുദര്‍ശനത്തില്‍ സഹകരണ- റജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍.വാസവന്‍, ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഞ്ചു മന്ത്രിമാരും ചേര്‍ന്ന് പുഷ്പ ചക്രം സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു.പള്ളിയിലെ ചടങ്ങുകള്‍ക്കു മുന്‍പ് പുതുപ്പള്ളി കവലയ്ക്കു സമീപം നിര്‍മിച്ചു കൊണ്ടിരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പുതിയ വസതിയില്‍ എത്തി മന്ത്രിമാരായ വി.എന്‍. വാസവനും പി. പ്രസാദും സ്പീക്കര്‍ എ.എന്‍. ഷംസീറും അന്ത്യോപചാരം അര്‍പ്പിച്ചു. തിരുനക്കരയിലെ പൊതുദര്‍ശനത്തിനു ശേഷം ഭൗതിക ദേഹം പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബ വീട്ടിലെത്തിച്ചപ്പോള്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.