Sunday, May 19, 2024
keralaNews

ശമ്പളം നല്‍കുന്നത് സര്‍ക്കാരെങ്കില്‍ ചട്ടം ബാധകമെന്ന് ഹൈക്കോടതി

എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ നിയമന രീതിയും സേവന വ്യവസ്ഥകളും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടി എയ്ഡഡ് അധ്യാപകര്‍ക്കു മത്സരിക്കുന്നതുള്‍പ്പെടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അനുമതിയുണ്ടെന്ന സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് രാഷ്ട്രീയം വേണ്ടെന്നു വിധിച്ചത്. എയ്ഡഡ് അധ്യാപകര്‍ക്കു ശമ്പളം നല്‍കുന്നതു സര്‍ക്കാരാണെന്നും അതിനാല്‍, കേരള വിദ്യാഭ്യാസ ചട്ടം ബാധകമായ അധ്യാപകര്‍ക്കു തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനോ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനോ അവകാശമില്ലെന്നും വിധിച്ചു.

സര്‍ക്കാരിന്റെ പ്രതിഫലം പറ്റുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാക്കുന്ന നിയമത്തില്‍നിന്ന് എയ്ഡഡ് അധ്യാപകര്‍ക്ക് ഇളവുണ്ടെന്നു സര്‍ക്കാര്‍ വാദിച്ചു. 1951 ലെ കേരള നിയമസഭാ (അയോഗ്യതയ്ക്ക് ഇളവ് അനുവദിക്കല്‍) നിയമ പ്രകാരമാണ് ഇളവ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള വിദ്യാഭ്യാസ നിയമത്തിലെ ചാപ്റ്റര്‍ 4 (എ) തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് അവകാശം നല്‍കുന്നുണ്ടെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ചട്ട വിരുദ്ധമായി അയോഗ്യതയ്ക്ക് ഇളവ് അനുവദിക്കുന്ന വകുപ്പ് ഭരണഘടനാനുസൃതമല്ലെന്നു കോടതി വിലയിരുത്തി. സര്‍ക്കാരിന്റെ പ്രതിഫലം പറ്റുന്നവര്‍ക്കു ജനപ്രാതിനിധ്യ നിയമപ്രകാരം മത്സരവിലക്കുള്ളതും ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിച്ചത് 1967 ല്‍

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കു രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിച്ച് 1967 മെയ് 29നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തദ്ദേശ സ്ഥാപനത്തില്‍ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്ന എയ്ഡഡ് അധ്യാപകന് ആ ചുമതല നിര്‍വഹിക്കാന്‍ കാലാവധി തീരുംവരെ ശമ്പളമില്ലാതെ പ്രത്യേക അവധിക്കു ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. ഈ അവധിക്കാലം ഇന്‍ക്രിമെന്റിനും മറ്റും പരിഗണിക്കും. തദ്ദേശ സ്ഥാപനത്തില്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ അധ്യയനത്തെ ബാധിക്കാത്തവിധം 20 ദിവസം വരെ ഡ്യൂട്ടി ലീവും കിട്ടും. നിയമസഭാംഗമായാല്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കാനും മറ്റുമായി അംഗത്വ കാലാവധി മുഴുവനുമോ ഒരു വര്‍ഷമോ പ്രത്യേകാവധിക്കും വ്യവസ്ഥയുണ്ട്. എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വേതന പരിഷ്‌കരണം പഠിക്കാന്‍ 2007 ല്‍ സര്‍ക്കാര്‍ നിയമിച്ച സമിതി, രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കരുതെന്നു ശുപാര്‍ശ ചെയ്തിരുന്നു.