Tuesday, May 7, 2024
keralaNews

കാട്ടാനയുടെ കൊമ്പ് മുറിച്ചെടുത്ത് കുഴിച്ചു മൂടിയ സംഭവം: മുഖ്യപ്രതിയും കൂട്ടാളിയും കീഴടങ്ങി

തൃശൂര്‍: ചേലക്കരയില്‍ കൊമ്പ് മുറിച്ചെടുത്ത് കാട്ടാനയെ കുഴിച്ചു മൂടിയ സംഭവത്തില്‍ മുഖ്യപ്രതി റോയിയും കൂട്ടാളിയും കീഴടങ്ങി. ഇന്ന് രാവിലെ മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് മുമ്പാകെയാണ് ഇരുവരും കീഴടങ്ങിയത്. ഇരുവരേയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ 14 നാണ് മുള്ളൂര്‍ക്കര വാഴക്കോട് റബര്‍ തോട്ടത്തില്‍ ആനയുടെ ജഡം കണ്ടെത്തിയത്. ആനയുടെ കൊമ്പുമായി പിടികൂടിയ അഖിലിന്റെ അറസ്റ്റ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് റോയ് ഗോവയിലുണ്ടെന്ന നിഗമനത്തില്‍ വനംവകുപ്പ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല . ഗോവയില്‍ ജോലി ചെയ്തിരുന്ന റോയിയുടെ ഭാര്യയുടെ മൊഴി വനംവകുപ്പ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ഏഴു മണിയോടെ മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് മുന്‍പാകെ റോയിയും കൂട്ടാളിയായ ജോബിയും കീഴടങ്ങുകയായിരുന്നു. കേസില്‍ പത്ത് പ്രതികളാണുള്ളത്. മുഖ്യപ്രതി റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് റബര്‍ എസ്റ്റേറ്റ്. റോയ്, ടെസ്സി, ജോബി എന്നിവരാണ് കെണിവെച്ചത്. സിബി, ജോബി, മഞ്ജു എന്നിവര്‍ ആനയെ മറവു ചെയ്യാന്‍ സഹായിച്ചതായും വനംവകുപ്പ് കണ്ടെത്തിയിരുന്നു.കൊമ്പ് മുറിച്ചത് അഖിലിന്റെ നേതൃത്വത്തിലായിരുന്നു. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കേന്ദ്ര സംഘമുള്‍പ്പെടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.