Tuesday, May 7, 2024
keralaLocal NewsNews

ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം; ഇടത്തിക്കാവില്‍ വ്യാപക കൃഷി നാശം.

വെച്ചുച്ചിറ: വേനല്‍ക്കാലത്ത് മാത്രം നാട്ടില്‍ പുറങ്ങളില്‍ ഇറങ്ങിയിരുന്ന കാട്ടാനകള്‍ ഇപ്പോള്‍ മഴക്കാലത്തും ജനവാസമേഖലയില്‍ ഇറങ്ങുകയാണ്.

കഴിഞ്ഞ ഒരാഴ്ചക്കാലമായി ശബരിമലയുടെ താഴ് വരയായ കുറുമ്പന്‍മൂഴി – ഇടത്തിക്കാവ് ജനവാസ മേഖലയിലാണ് കാട്ടാനകള്‍ ഇറങ്ങിയത് . നിരവധി പേരുടെ കൃഷിയും നശിപ്പിച്ചു. ഇടത്തിക്കാവ് സ്വദേശികളായ മോനിച്ചന്‍ കൊണ്ടൂര്‍, പാപ്പച്ചന്‍ വടക്കേമുറി, അനി വടക്കേമുറി എന്നിവരുടെ
തെങ്ങും,വിളഞ്ഞ വെട്ടാറായ വാഴയുമാണ് കാട്ടാനകള്‍ നശിപ്പിച്ചത്.കുറുമ്പന്‍മൂഴി വനാതിര്‍ത്തി മേഖലയില്‍ നിന്നും നദി കടന്നാണ്മുന്നിലധികം കാട്ടാനകള്‍  എത്തുന്നതെന്നും വാര്‍ഡ് അംഗവും വെച്ചുച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നിഷ അലക്‌സ് പറഞ്ഞു. 20 ഓളം തെങ്ങും , 40 ധികം വാഴയുമാണ് നശിപ്പിച്ചത്. വനപാലകരും , കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. എന്നാല്‍ വാഴ കൃഷി ഇന്‍ഷ്വറന്‍സ് ചെയ്യാന്‍ കഴിയാത്തതു മൂലം പൂര്‍ണ്ണമായ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നാണ് കൃഷി വകുപ്പ് അധികൃതര്‍ പറന്നത്. കാട്ടാനകള്‍ കൃഷി നശിപ്പിച്ച സംഭവത്തില്‍ കൃഷിക്കാര്‍ക്ക് അടിയന്തിരമായി മതിയായ നഷ്ട പരിഹാരം നല്‍കണമെന്നും വൈസ് പ്രസിഡന്റ് നിഷ അലക്‌സ് പറഞ്ഞു. രാത്രിയില്‍ നദി കടന്നുവരുന്ന കാട്ടാനകളുടെ ശബ്ദം കേട്ടാണ് ഇപ്പോള്‍

നാട്ടുകാര്‍ കാട്ടാനക്കൂട്ടത്തെ ബഹളം വെച്ച് ഓടിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ കാട്ടാനകളെ വനപാലകര്‍ കടുവയുടെ ശബ്ദം കേള്‍പ്പിച്ചാണ് ഓടിച്ചത്. കാട്ടാനകള്‍ കയറി വരുന്ന മേഖലയില്‍ സുരക്ഷ വേലി സ്ഥാപിക്കണമെന്നും വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.മുണ്ടക്കയം കോരുത്തോട് പഴയ കൊമ്പുകുത്തി ജനവാസ മേഖലയിലും കാട്ടാനകള്‍ ഇറങ്ങുന്നതും പതിവായിരിക്കുകയാണ്. ഈ മേഖലയില്‍ വനപാലകര്‍ സ്ഥാപിച്ച വേലികള്‍ തകര്‍ന്നതായും നാട്ടുകാര്‍ പറഞ്ഞു.