Friday, May 3, 2024
keralaNewspolitics

ചുമട്ട് തൊഴിലാളികളുടെ കയ്യും – നാവും ബന്ധിച്ച് മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുന്നു. ബി എം എസ്

എറണാകുളം : ചുമട്ട് തൊഴിലാളികളുടെ കയ്യും – നാവും ബന്ധിച്ചു തൊഴില്‍ മേഖലയെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു. എറണാകുളം ബിഎംഎസ് തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തില്‍ നടന്ന കേരള പ്രദേശ് ഹെഡ് ലോഡ് ആന്റ് ജനറല്‍ മസൂര്‍ ഫെഡറേഷന്റെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിലനിര്‍ത്തിയതും – ഭരണത്തിലേറ്റിയതും സംസ്ഥാനത്തെ
ലക്ഷക്കണക്കായ ചുമട്ട് തൊഴിലാളികളും – കള്ള ചെത്ത് തൊഴിലാളികളുമാണ് . എന്നിട്ടും ഈ തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്ന ചുമട്ടു തൊഴിലാളികളെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുത്തി കേസെടുക്കുന്ന നിയമം പാസാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. വലിയ തൊഴില്‍ സാധ്യതയുള്ള ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെ നോക്ക് കൂലി വാങ്ങിക്കുന്നവരെന്ന് ചിത്രീകരിച്ചതും ഈ സര്‍ക്കാര്‍ തന്നെയാണ്. കേന്ദ്രസര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന തൊഴിലുറപ്പുകാര്‍ക്ക് മറ്റാനുകൂല്യങ്ങളും ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ പാവപ്പെട്ട ചുമട്ടുതൊഴിലാളികളെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പുനരധിവാസവും, ഇവര്‍ക്ക് ഇ എസ് ഐ ആനുകൂല്യവും, തൊഴിലിനെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുമ്പോഴും സംസ്ഥാനത്ത് അഴിമതിയും , കൊള്ളയും പിടിച്ചു മുറിയുമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ചെറിയ ശമ്പളത്തിനും – ദുരിത ജീവിതത്തിനും കാരണം മലബാര്‍ ദേവസ്വങ്ങളില്‍ 90% തൊഴിലാളികള്‍ സിഐടിയുവിനൊപ്പം നിന്നതാണ് അവരുടെ വലിയ ദുരിതത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കരാറുകള്‍ക്കും പിന്നില്‍ ദുരൂഹയാണെന്നും അദ്ദേഹം പറഞ്ഞു . ഇന്ത്യ സാമ്പത്തിക മേഖലയില്‍ അടക്കം വിവിധ രംഗത്ത് മുന്നോട്ടു നീങ്ങുമ്പോള്‍ സംസ്ഥാനത്ത് നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന്റെ കരം , വെള്ളക്കരം , വൈദ്യുതി ബില്‍, യാത്രക്കൂലി, ഭൂമി രജിസ്‌ട്രേഷന്‍, ഇന്ധനങ്ങള്‍ക്ക് അധിക സെസ് , കെ റെയില്‍, കെ ഫോണ്‍ , എ ഐ ക്യാമറ അവസാനം കൈതോരം പായയില്‍ വരെ എത്തിയിരിക്കുന്നു അഴിമതി കഥകളെന്നും പറഞ്ഞു. ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ മഹേഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി കെ അജിത്ത് എന്നിവര്‍ സംസാരിച്ചു .