Saturday, May 4, 2024
keralaNews

ചരിത്രം ചടങ്ങായി വഴിമാറുന്നു ….. ആഘോഷങ്ങളും – ആരവങ്ങളുമില്ലാതെ എരുമേലി പേട്ടതുള്ളല്‍ .

 

  • ചന്ദനക്കുടം – 10 ന്

  • പേട്ടതുള്ളല്‍ 11 ന് .

  • കെഎസ്ആര്‍റ്റിസിക്ക് …..വന്‍ നഷ്ടം

  • കെഎസ്ഇബിക്ക് ………..നഷ്ടം .

  • ദേവസ്വം ബോര്‍ഡിനും വരുമാന കുറവ് .

ആചാരഅനുഷ്ഠാനങ്ങളുടെ സംഗമഭൂമിയായ എരുമേലി ചരിത്രത്തിലാദ്യമായി ആഘോഷങ്ങളും ആരവങ്ങളും ഇല്ലാത്ത ജനുവരി 11 ന് പേട്ടതുള്ളല്‍ ഇത്തവണ സാക്ഷിയാവുകയാണ്.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയും/എരുമേലിയും ആദ്യമായി വാദ്യമേളങ്ങളുടെ അകമ്പടിയില്ലാത്ത തീര്‍ത്ഥാടനമാണ് കടന്നുപോയത്.ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര്‍ എരുമേലിയിലെത്തി ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടത്തുന്ന പേട്ടതുള്ളലും,പരമ്പരാഗത കാനന പാതയില്‍ കൂടിയുള്ള യാത്രയും, നാടും നഗരവും ഭക്തിസാന്ദ്രമാക്കിയുള്ള തീര്‍ഥാടന യാത്രയും ഇത്തവണ ഇല്ലായിരുന്നു .

തീർഥാടന കേന്ദ്രമായ എരുമേലി ടൗണിലെ ഗതാഗതക്കുരുക്ക് , കഴിഞ്ഞ വർഷം കെ എസ് ആർ റ്റി സി ജംഗഷനിൽ ഉണ്ടായത് .

പാര്‍ക്കിംഗ് മൈതാനങ്ങള്‍ ശൂന്യമായി,കച്ചവടസ്ഥാപനങ്ങള്‍ ഒന്നും ഇല്ല,പേട്ടതുള്ളലിന് വാദ്യമേളങ്ങള്‍ കേട്ടില്ല,ദേവസ്വം ബോര്‍ഡിന് മാത്രമല്ല നാട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കും സാമ്പത്തികമായി വന്‍ നഷ്ടം നേരിട്ട തീര്‍ത്ഥാടനം കൂടിയായിരുന്നു ഇത്.പേട്ടതുള്ളുന്ന കന്നിസ്വാമിമാര്‍ അടയാളമായി ഉപയോഗിക്കുന്ന
ശരക്കോല്‍,കച്ച നിര്‍മ്മാണവും,രണ്ടും -മൂന്നും തവണയായി വരുന്നവര്‍ക്ക് നല്‍കുന്ന ഗദയും -വാള്‍ നിര്‍മ്മിക്കുന്ന കനകപ്പലം -ശ്രീനി പുരം, മറ്റന്നൂര്‍ക്കര ലക്ഷം വീട് കോളനി അടക്കം വരുന്ന മേഖലയിലെ ജനങ്ങളും ദുരിതത്തിലായ തീര്‍ഥാടനമായിരുന്നു ഇത്.

ശബരിമല തീർഥാടന വേളയിൽ കഴിഞ്ഞ വർഷം ദേവസ്വം ബോർഡ് പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തിങ്ങി നിറഞ്ഞപ്പോൾ.

സ്വകാര്യ വ്യക്തികളുടെ പാര്‍ക്കിംഗ് മൈതാനങ്ങള്‍,കടകള്‍,ചെറുതും -വലതുമായ കച്ചവടക്കാര്‍,കാനനപാതയോരങ്ങളിലെ താമസക്കാര്‍, എരുമേലി മുതല്‍ നിലയ്ക്കല്‍ വരെയുള്ള കച്ചവടം തുടങ്ങി സര്‍വ്വ മേഖലയും സ്തംഭിച്ച ഒരു തീര്‍ഥാടനമായിരുന്നു ഇത്.എരുമേലിക്കാരുടെ ഒരു വര്‍ഷത്തെ കച്ചവടവും – കരുതലുമാണ് ഈ തീര്‍ഥാടനത്തിലൂടെ തകര്‍ന്നത്.ശബരിമല തീര്‍ത്ഥാടനത്തിലൂടെ എരുമേലി പഞ്ചായത്തില്‍ നടപ്പാക്കാമായിരുന്ന വിവിധ പദ്ധതികള്‍ തുടങ്ങി എല്ലാം ഈ തീര്‍ത്ഥാടനത്തില്‍ പ്രതിസന്ധിയിലായി .ഏറ്റവും വലിയ സാമ്പത്തിക നഷ്ടമായത് കെ എസ് ആര്‍ റ്റി സിക്കാണ്.

വന്‍ നഷ്ടം ഒഴിവാക്കാന്‍ ശബരിമല തീര്‍ത്ഥാടന വേളയില്‍ കൂടുതല്‍ ബസുകളിറക്കുന്ന കോര്‍പ്പറേഷന്‍ ഇത്തവണ ഒരു ബസു പോലും സര്‍വ്വീസ് നടത്താന്‍ കഴിഞ്ഞില്ല.എരുമേലിയിലെ ഓട്ടോ യടക്കം വരുന്ന ടാക്‌സിക്കാര്‍,വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്നതടക്കം ജോലിക്കാര്‍,സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ജീവന്‍ വയ്ക്കുന്ന ഈ വേളയില്‍ ഇത്തവണ നാമമാത്രമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞൊള്ളൂ.ഒരിക്കലും മറക്കാനാവാത്ത കോവിഡ് കാലത്തിന്റെ ദുരിതങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തെ സാരമായി ബാധിച്ചുവെന്നതില്‍ തര്‍ക്കവുമില്ല . കോവിഡിനെ അതിജീവിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതു പോലെ എളുപ്പമല്ല ശബരിമല തീര്‍ത്ഥാടന ക്രമീകരണമെന്നും അധികാരികളും തിരിച്ചറിഞ്ഞിരിക്കുന്നു.ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു പ്രാര്‍ത്ഥന മാത്രമാണുള്ളത്.ഇതുപോലൊരു തീര്‍ത്ഥാടനം -ഇനി ഒരിക്കലും ഉണ്ടാകരുതേ ……