Monday, April 29, 2024
indiaNews

ഗ്യാന്‍വാപി മുസ്‌ലിം പള്ളിയിലെ സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്‍കിയയാളെ നീക്കി വാരാണസി ജില്ലാ കോടതി.

ന്യൂഡല്‍ഹി :കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേര്‍ന്ന ഗ്യാന്‍വാപി മുസ്‌ലിം പള്ളിയിലെ സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്‍കിയയാളെ നീക്കി വാരാണസി ജില്ലാ കോടതി. സര്‍വേ കമ്മിഷണര്‍ അജയ് മിശ്രയെയാണ് മാറ്റിയത്. സര്‍വേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. സര്‍വേ വിവരങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് കോടതി ചോദിച്ചു.പള്ളി പരിസരത്തു ശിവലിംഗം കണ്ടെത്തിയെന്നും ഇതു മറച്ചുവച്ച നിലയിലായിരുന്നുവെന്നും ഹിന്ദുവിഭാഗം കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. പിന്നാലെ, ഈ സ്ഥലം സീല്‍ ചെയ്യാനും ഇവിടേക്ക് കടക്കുന്നതില്‍നിന്ന് ആളുകളെ വിലക്കാനും വാരാണസി കോടതി തിങ്കളാഴ്ച ഉത്തരവിട്ടു.

അതേസമയം, സര്‍വേ നടത്താനുള്ള വാരാണസി കോടതി ഉത്തരവ് സമാധാനവും സാമുദായിക ഐക്യവും തകര്‍ക്കാനുള്ള ശ്രമമാണെന്നു ചൂണ്ടിക്കാട്ടി മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കും. മുസ്ലിംകള്‍ക്ക് പ്രാര്‍ഥന നിര്‍വ്വഹിക്കുന്നതിനു യാതൊരു തടസ്സവും പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണം. ജില്ലാ മജിസ്‌ട്രേട്ടിനായിരിക്കും ഇതിന്റെ ഉത്തരവാദിത്വമെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പള്ളിക്കു സമീപമുള്ള കുളത്തിലാണ് ശിവലിംഗം കണ്ടെത്തിയെന്ന് അവകാശവാദം ഉയര്‍ന്നിരിക്കുന്നത്. ഇവിടെയാണ് മുസ്ലിംകള്‍ പ്രാര്‍ഥനയ്ക്കു മുന്‍പു അംഗശുദ്ധി വരുത്തുന്നത്. കുളം സംരക്ഷിക്കണമെന്ന് കോടതി പറഞ്ഞതിനാല്‍, അംഗശുദ്ധി വരുത്തുന്നതിന് ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന് പരാമര്‍ശിക്കണമെന്ന് പള്ളിക്കമ്മിറ്റിക്കു ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ആരാധനസ്വാതന്ത്ര്യം ഉണ്ടെന്നു പറയുമ്പോള്‍ എല്ലാം ഉള്‍പ്പെടില്ലേയെന്നു ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു.