Saturday, May 4, 2024
keralaNews

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കദളിപ്പഴം തുലാഭാരം വഴിപാട് നടത്തി ഗവര്‍ണര്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കദളിപ്പഴം തുലാഭാരം വഴിപാട് നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍.ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് ഗവര്‍ണര്‍ ക്ഷേത്രം കിഴക്കേ ഗോപുരമുന്നില്‍ എത്തിയത്. പ്രസാദമായ കളഭം തിരുമുടിമാല, പട്ട്, പാല്‍പ്പായസം എന്നിവ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍ ഗവര്‍ണര്‍ക്ക് നല്‍കിയപ്പോള്‍ പ്രസാദം തൊട്ടുവണങ്ങി സ്വീകരിച്ചു.ദര്‍ശനശേഷം കിഴക്കേനടയില്‍ ഗോപുരമുന്നിലായിരുന്നു തുലാഭാരം. 83 കിലോ വേണ്ടിവന്നു. 4,250 രൂപ ദേവസ്വത്തില്‍ അടച്ചു. ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉപനിഷദ് വരികള്‍ ചൊല്ലിയാണ് മറുപടി പറഞ്ഞത്.ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മതങ്ങള്‍ക്കും അതീതമാണ് ഗുരുവായൂരപ്പദര്‍ശനം നല്‍കുന്ന ആത്മീയാനുഭവമെന്ന് ഗവര്‍ണര്‍ പറഞ്ഞു. നേരത്തേ ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയ ഗവര്‍ണറെ ദേവസ്വം ചെയര്‍മാനും ഭരണസമിതിയംഗങ്ങളായ സി.മനോജ്, വി.ജി. രവീന്ദ്രന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍, ഡെപ്യൂട്ടി അഡ്മിനിസ്ട്രേര്‍ പി. മനോജ്, മാനേജര്‍ ബിനു എന്നിവരും ചേര്‍ന്ന് സ്വീകരിച്ചു.