Tuesday, May 14, 2024
keralaNewsUncategorized

വെള്ളാഞ്ചിറ ആയിരവല്ലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് നേരെയാണ് അക്രമം

തിരുവനന്തപുരം: നെടുമങ്ങാട് വെള്ളാഞ്ചിറ ആയിരവല്ലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് സംഭവം. ക്ഷേത്രത്തിലെ ശാസ്താവിന്റേയും ഗണപതിയുടേയും ശ്രീകോവിലുകള്‍ക്ക് അക്രമികള്‍ തീയിടുകയായിരുന്നു. വാതിലുകള്‍ക്ക് മുന്നില്‍ വിറക് കൂട്ടിയിട്ട് തീവെയ്ക്കുകയായിരുന്നു. ശ്രീ കോവിലിന്റെ വാതിലുകള്‍ ഭാഗീകമായി കത്തി നശിക്കുകയും ചെയ്തു. സംഭവം ഇന്ന് പകല്‍ 11 മണിയോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടത്. ക്ഷേത്രത്തിന്റെ പ്രതിഷ്ടാവാര്‍ഷികം പ്രമാണിച്ച് പുരയിടം വൃത്തിയാക്കാന്‍ എത്തിയ പ്രദേശവാസികളാണ് സംഭവം പോലീസില്‍ അറിയിച്ചത്. മെയ് 2- നാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം. നെടുമങ്ങാട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. നെടുമങ്ങാട് സിഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രം സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. മോഷണ ശ്രമത്തെ തുടര്‍ന്നാണ് ക്ഷേത്ര ശ്രീകോവിലിന് തീയിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ക്ഷേത്ര ശ്രീകോവിലുകള്‍ നശിച്ചിട്ടില്ല. കൂടാതെ വിലപിടിപ്പുള്ള വസ്തുകള്‍ ഒന്നും നഷ്ടമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.