Tuesday, May 14, 2024
keralaNews

മേഘമലയിലേക്ക് സഞ്ചാരികളെ എത്തുന്നത് വിലക്കി തമിഴ്നാട് സര്‍ക്കാര്‍

അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ ജനവാസ മേഖലയില്‍ പ്രത്യക്ഷപ്പെട്ടതോടെ മേഘമലയിലേക്ക് സഞ്ചാരികളെ എത്തുന്നത്് വിലക്കി തമിഴ്നാട് സര്‍ക്കാര്‍. നിലവില്‍ മേഘമലയില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ വനംവകുപ്പ് തിരിച്ചയച്ചു. എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് സംബന്ധിച്ച വാര്‍ത്തകള്‍ വനംവകുപ്പ് നിഷേധിച്ചു. സഞ്ചാരികള്‍ക്കും യാത്രയ്ക്കും നിയന്ത്രണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയതെന്നും വനംവകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് അരിക്കൊമ്പനെ ജനവാസ മേഖലയില്‍ കണ്ടെത്തിയത്. കഴുത്തിലെ റേഡിയോ കോളര്‍ കണ്ടതോടെയാണ് വനംവകുപ്പ് അരിക്കൊമ്പനെ തിരിച്ചറിഞ്ഞത്.

അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേരളം കൈമാറുന്നില്ലെന്ന് തമിഴ്നാട് വനപാലകര്‍ പറയുന്നു. അതുകൊണ്ടുതന്നെ തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലേയ്ക്കുള്ള അരിക്കൊമ്പന്റെ നീക്കങ്ങള്‍ അറിയാന്‍ ബുദ്ധിമുട്ടാണെന്നും ചിന്നമന്നൂര്‍ റേഞ്ച് ഓഫിസര്‍ അറിയിച്ചു. രാത്രി സഞ്ചാരം നടത്തുന്ന അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം പകല്‍ ഹൈവേയ്സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് നിലയുറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളെല്ലാം നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.