Tuesday, May 7, 2024
HealthindiakeralaNews

ഗായിക ലതാ മങ്കേഷ്‌കറിന് കൊവിഡ്

ഗായിക ലതാ മങ്കേഷ്‌കറിന് കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരുന്നുകളോട് ലതാ മങ്കേഷ്‌കര്‍ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രായം കണക്കിലെടുത്താണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂ എന്നും കുടുബം പറയുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ലതാ മങ്കേഷ്‌കറെ ഓര്‍ക്കണമെന്നുംമരുമകള്‍ രചന ആവശ്യപ്പെട്ടു.

2019ല്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ലതാ മങ്കേഷ്‌കര്‍ ഒരു മാസത്തോളം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ തന്റെ 92മത്തെ പിറന്നാള്‍ ആഘോഷിച്ചത്. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശേവന്തിയുടെയും ആറുമക്കളില്‍ മൂത്തയാളായി 1929-ല്‍ ഇന്‍ഡോറിലാണ് ജനനം. ഹേമ എന്നായിരുന്നു ആദ്യ പേര്. ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തിയാണ് ലത എന്ന പേരിലേക്ക് എത്തിയത്. സഹോദരി ആശാ ഭോസ്ലേയും ഇന്ത്യയുടെ പ്രിയ ഗായികയാണ്.