Tuesday, May 7, 2024
keralaNewspolitics

ഗവര്‍ണ്ണര്‍ക്കെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സംസ്ഥാന സര്‍ക്കാര്‍ തേടി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണറുടെ നടപടിയാണ് ചോദ്യം ചെയ്യുന്നത്. ബില്ലുകളില്‍ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. നിയമ വകുപ്പ് സെക്രട്ടറിയാണ് എജിയോട് ഉപദേശം തേടിയിരിക്കുന്നത്. ബില്ലുകള്‍ പിടിച്ചു വെക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ഒരിടവേളക്ക് ശേഷമാണ് അസാധാരണ നടപടികളിലേക്ക് നീങ്ങുന്നത്. ലോകായുക്ത നിയമ ഭേദഗതിയും വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന സര്‍വ്വകലാശാലാ നിയമ ഭേദഗതിയുമടക്കം നിയമ സഭ പാസാക്കിയ ആറ് ബില്ലുകളാണ് ഗവര്‍ണര്‍ പിടിച്ച് വച്ചത്. നാല് മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരിച്ചിട്ടും ഒപ്പുവയ്ക്കാന്‍ തയ്യാറായിട്ടില്ല. മാതമല്ല സര്‍വ്വകലാശാല നിയമ ഭേദഗതിയില്‍ ഒപ്പ് വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ തെലങ്കാന മോഡല്‍ നിയമപോരാട്ടത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പത്ത് ബില്ലുകള്‍ പിടിച്ച് വച്ച നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ തെലങ്കാന ഗവര്‍ണര്‍ക്ക് നിലപാട് മാറ്റേണ്ടിവന്നിരുന്നു. നിയമസഭ പാസാക്കി മാസങ്ങളായിട്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്നുള്ള അനിശ്ചിതത്വം ഒഴിവാക്കണമെന്ന് നിയമ സെക്രട്ടറിയുടെ ആവശ്യത്തില്‍ എജിയുടെ ഉപദേശം കിട്ടിയ ശേഷം സുപ്രീകോടതിയിലേക്കെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനിടെ സര്‍ക്കാരിന് വഴങ്ങാന്‍ സന്നദ്ധനല്ലെന്ന സൂചന നല്‍കുന്ന ഗവര്‍ണര്‍, ബില്ലുകള്‍ കേന്ദ്ര സര്‍ക്കാരിന്റേയും രാഷ്ട്രപതിയുടെയും മുന്നിലെത്തിക്കാനുള്ള നീക്കത്തിലാണ്.