Saturday, May 4, 2024
indiaNewspolitics

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വായിച്ചില്ല

ചെന്നൈ: സംസ്ഥാന ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. പ്രസംഗത്തിലെ ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയാണ് ഗവര്‍ണര്‍ വായിക്കാതിരുന്നത്. ഡിഎംകെ സര്‍ക്കാരിന് തലവേദനയായിക്കുകയാണ് ഗവര്‍ണര്‍ ആര്‍.എന്‍ രവി.പ്രസംഗം വായിക്കാന്‍ വിസമ്മതിച്ച ഗവര്‍ണര്‍, ഡിഎംകെ സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തില്‍ വസ്തുതാപരമായ പിശകുകളും ധാര്‍മ്മികതയ്ക്ക് നിരക്കാത്ത പരാമര്‍ശങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കുകയാണെങ്കില്‍ താന്‍ ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. തുടര്‍ന്ന് സീറ്റിലിരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട് നിയമസഭയിലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സ്പീക്കര്‍ എം. അപ്പാവു നയപ്രഖ്യാപന പ്രസംഗം വായിച്ചു. തിരുക്കുറലിലെ വരികള്‍ ചൊല്ലി പ്രസംഗം ആരംഭിച്ചതിന് ശേഷമായിരുന്നു ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിന്റെ ബാക്കിയായിരുന്നു നിയമസഭയിലെ സംഭവ വികാസങ്ങള്‍.