Friday, May 3, 2024
keralaNews

ഗണപതി മിത്താണെന്നും, അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്ന് : എം.വി.ഗോവിന്ദന്‍. ‘

ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ‘പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം’ എന്നതാണു മിത്തായി ഉദാഹരിച്ചത്. അല്ലാഹു വിശ്വാസികളുടെ വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്. ഗണപതിയും അതുതന്നെയാണ്. പിന്നെന്തിനാണു ഞങ്ങളതു മിത്താണെന്നു പറയുന്നത്. സിപിഐഎം യാഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പമാണ്. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുനടക്കുന്നതു കള്ളപ്രചാരണങ്ങളാണെന്നും എം.വി.ഗോവിന്ദന്‍ വിശദീകരിച്ചു.

എം.വി.ഗോവിന്ദന്റെ വാക്കുകള്‍:…

വി.ഡി.സതീശനും കെ. സുരേന്ദ്രനും ഒരേ അഭിപ്രായമാണു കഴിഞ്ഞകുറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. സിപിഎമ്മാണു വര്‍ഗീയതയ്ക്കു കൂട്ടുനില്‍ക്കുന്നതെന്ന അസംബദ്ധ പ്രചാരവേല കുറെക്കാലമായി സതീശന്‍ പറയുന്നു. ‘വാതിലുകളെല്ലാം തുറക്കപ്പെടട്ടേ, വിചാരധാരകള്‍ പ്രവേശിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞതിനെപ്പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ വര്‍ഗീയ നിലപാടാണു ഞങ്ങള്‍ സ്വീകരിക്കുന്നതെന്നു പറഞ്ഞു തടിതപ്പുകയാണു ചെയ്തത്. സതീശന്റെ മനസിന്റെ ഉള്ളില്‍ വിചാരധാരയുമായി ബന്ധപ്പെട്ട വര്‍ഗീയ നിലപാടുകള്‍ അറിഞ്ഞോ അറിയാതെയോ വരുന്നു എന്നതാണു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍നിന്നു മനസിലാകുന്നത്.

ഹിന്ദു വര്‍ഗീയവാദം അതിശക്തമായി ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള നിലപാടാണു സുരേന്ദ്രന്‍ നിരന്തരം ആവര്‍ത്തിക്കുന്നത്. അതു ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റെന്തെങ്കിലും കാര്യം പറഞ്ഞ് അതിനെ മറികടക്കാനാണു സുരേന്ദ്രന്‍ ഉള്‍പ്പെടെ ശ്രമിക്കുന്നത്. തികഞ്ഞ വര്‍ഗീയ സമീപനം അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഉപയോഗിക്കുന്ന ഓരോ പദങ്ങളും സൂക്ഷ്മമായി പരിശോധിച്ചാല്‍ ജീര്‍ണ്ണമായ വര്‍ഗീയതയുടെ അങ്ങേയറ്റം സുരേന്ദ്രന്റെ പ്രസ്താവനയില്‍ കാണം. വര്‍ഗീയവാദി വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുകയാണ്. അല്ലാതെ അവര്‍ വിശ്വാസികളല്ല. വിശ്വാസികള്‍ സമൂഹത്തിന്റെ മുമ്പിലുണ്ട്. ആ വിശ്വാസികള്‍ക്കൊപ്പമാണ് ഞങ്ങള്‍. ഡിവൈഎഫ്‌ഐ നേതാവ് വൈശാഖിനെതിരെ നടപടിയെടുത്തിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ വിശദീകരിച്ചു.