Tuesday, April 23, 2024
keralaNews

എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും:  രമേശ് ചെന്നിത്തല

തിരുവനന്തപുരം :മുമ്പ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉന്നയിച്ച ഓരോ കാര്യവും സത്യമെന്നു തെളിയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിരിയാണി പാത്രം കൊണ്ടു മറച്ചുവച്ചാലും സത്യം പുറത്തുവരും. വസ്തുതകള്‍ ഓരോ ദിവസവും പുറത്തുവരികയാണ്. സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ഒന്നാം പ്രതി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് രമേശ് ചെന്നിത്തല പറഞ്ഞു.

”എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും അതു നടക്കില്ല. പഴയ കേസാണെന്നു പറഞ്ഞു തള്ളിക്കളയാനും സാധിക്കില്ല. ഓരോ ദിവസം കഴിയുമ്പോഴും വസ്തുതകള്‍ കൂടുതല്‍ കൂടുതല്‍ പുറത്തുവരികയാണ്. സ്വര്‍ണക്കടത്ത് ജനങ്ങള്‍ വിശ്വസിച്ചില്ല എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഒരു തിരഞ്ഞെടുപ്പ് ജയിച്ചതിന്റെ പേരില്‍ കയ്യിലെ എല്ലാ അഴിമതിക്കറകളും കഴുകി കളയാന്‍ മുഖ്യമന്ത്രിക്കു സാധ്യമല്ല.

പലരുടേയും മുഖം ഇനിയും പുറത്തുവരും. ഞാന്‍ വസ്തുതയില്ലാത്ത ഒരു കാര്യവും ഉന്നയിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറയേണ്ടിവന്നിട്ടില്ല. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ അതീവ ഗുരുതരമാണ്. അന്വേഷണ ഏജന്‍സികള്‍ അതു ഗൗരവത്തിലെടുക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു” രമേശ് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.