Saturday, May 4, 2024
keralaNews

പാലക്കാട് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാല് പേര്‍ കസ്റ്റഡിയിലെന്ന് സൂചന.

പാലക്കാട്: പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ കസ്റ്റഡിയിലെന്ന് സൂചന. കൊലയാളി സംഘത്തിന് വാഹനം നല്‍കിയ നാല് പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ കൊലയാളികള്‍ക്ക് സഹായം ചെയ്തവരും സംരക്ഷണമൊരുക്കിയവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമായി 12 പ്രതികളുണ്ടാകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന ഏകദേശ സൂചന.

സുബൈര്‍ വധത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും ഗൂഡാലോചനയിലേക്ക് പൊലീസിന് എത്താനായിട്ടില്ല. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിഞ്ഞെന്നും അവര്‍ കേരളത്തില്‍ തന്നെയുണ്ടെന്ന് പറയുമ്പോഴും അതില്‍ ഒരാളെപ്പോലും പിടികൂടാന്‍ പൊലീസിനായിട്ടില്ല. സുബൈര്‍ വധത്തില്‍ പ്രതികള്‍ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

ശ്രീനിവാസന്റെ കൊലപാതകത്തില്‍ പങ്കെടുത്ത ഒരാളെയെങ്കിലും പിടികൂടിയാല്‍ മാത്രമേ മറ്റ് പ്രതികളിലേക്കും ഗൂഡാലോചനക്കാരിലേക്കും എത്താന്‍ കഴിയൂ എന്നത് ഉറപ്പായിരുന്നു. ഇതില്‍ നിന്നാണ് കൊലയാളിസംഘത്തെ സഹായിച്ച നാല് പേരിലേക്ക് എത്താന്‍ പൊലീസിനായത്. കുറെയേറെപ്പേരെ കരുതല്‍ തടങ്കലില്‍ വെച്ചിട്ടുണ്ടെങ്കിലും ഇതില്‍ നിന്ന് മുന്നോട്ടു പോകാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല.