Monday, May 6, 2024
keralaNews

കോവിഡ് സാമ്പത്തിക പ്രതിസന്ധി; കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുറഞ്ഞു

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 48.4 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയാണ് യാത്രക്കാരുടെ എണ്ണം കുറച്ചതെന്നാണ് വിലയിരുത്തല്‍.കോവിഡ് രോഗവ്യാപനത്തിനും, ലോക്ഡൗണിനും ശേഷം എല്ലാമാസവും യാത്രക്കാരുടെ എണ്ണത്തില്‍ കൃത്യമായ വര്‍ധനയുണ്ടെങ്കിലും മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ അന്‍പത് ശതമാനത്തോളം കുറവ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ 54,056 പേര്‍ കണ്ണൂര്‍ വിമാനത്താവളം വഴി അഭ്യന്തര യാത്ര നടത്തി. എന്നാല്‍ ഈ ജനുവരിയില്‍ 27,889 പേര്‍ മാത്രമാണ് കണ്ണൂരില്‍ നിന്ന് ആഭ്യന്തര യാത്ര സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയത്.സര്‍വീസുകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്.2020 ജനുവരിയില്‍ 714 സര്‍വീസുകള്‍ നടന്നപ്പോള്‍ കഴിഞ്ഞ ജനുവരിയില്‍ ഇത് 507 ആയി കുറഞ്ഞു. യാത്രക്കാര്‍ കുറഞ്ഞതോടെ ഗോ എയറിന്റെ മുംബൈ പ്രതിദിന സര്‍വീസ നാലു ദിവസമായി ചുരുക്കി. യാത്രക്കാര്‍ കുറഞ്ഞാല്‍ ചില സെക്ടറുകളിലേയ്ക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്ന് എയര്‍ലൈന്‍ പ്രതിനിധികള്‍ വിമാനത്താവള അധികൃതര്‍ക്ക് സൂചന നല്‍കിയിട്ടുണ്ട്. കാര്‍ഗോ വരുമാനത്തിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവുണ്ടായിട്ടുണ്ട്.