കൊച്ചി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ്പ് കേരളത്തില്‍ ആദ്യ സ്‌കില്‍ ട്രെയിനിംഗ് സെന്റര്‍ തുറന്നു. കേരളത്തിലെ പ്രമുഖ വാഹന വിതരണക്കാരായ കുറ്റൂക്കാരന്‍ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനമായ മനക്കപ്പടിയിലെ കുറ്റൂക്കാരന്‍ പോളിടെക്നിക്ക് കോളേജിലാണ് ഹീറോ മോട്ടോഴ്സ് സ്‌കില്‍ ട്രെയിനിംഗ് സെന്റര്‍ തുറന്നത്. മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ സ്‌കില്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൊഴില്‍ നൈപുണ്യം നേടുന്നവര്‍ക്ക് കൊച്ചി മെട്രോ റെയില്‍ ഇന്റന്‍ഷിപ്പിന് അവസരം നല്‍കുന്നുണ്ടെന്ന് ലോക് നാഥ് ബഹ്റ പറഞ്ഞു. കുറ്റൂക്കാരനിലെ രണ്ടാം വര്‍ഷ കെ.ജി.സി.ഇ, മൂന്ന് വര്‍ഷ ഓട്ടോമൊബൈല്‍ പോളിടെക്നിക്ക് കോഴ്സ് പഠിക്കുന്ന കുട്ടികള്‍ക്ക് പഠനത്തോടൊപ്പം ഹീറോ സ്‌കില്‍ ട്രെയിനിംഗ് ലഭിക്കുമന്നും ഇപ്രകാരം പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് എന്‍.സി.വി.ടി അംഗീകാരമുള്ള കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്പ്, ഓട്ടോമോട്ടീവ് സ്‌കില്‍സ് ഡെവലപ്മെന്റ് കൗണ്‍സില്‍ (എ.എസ്.ഡി.സി) എന്നിവര്‍ ചേര്‍ന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാവും ലഭിക്കുകയെന്ന് ചടങ്ങില്‍ സംസാരിച്ച ഹീറോ മോട്ടോകോര്‍പ്സ് (സര്‍വ്വീസ്) ഡി.ജി.എം ദേബ്കുമാര്‍ ദാസ് ഗുപ്ത വ്യക്തമാക്കി.
ഇന്ത്യക്ക് പുറമേ 50 രാജ്യങ്ങളില്‍ക്കൂടി ഹീറോ മോട്ടോര്‍ കോര്‍പ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ഇന്ത്യയ്ക്ക് പുറമേ ഈ രാജ്യങ്ങളില്‍ക്കൂടി തൊഴില്‍ അവസരം ലഭ്യമാകുമെന്നും അദ്ദേഹം പഞ്ഞു. ഹീറോ മോട്ടോര്‍ കോര്‍പ്സ് സോണല്‍ സര്‍വ്വീസ് മാനേജര്‍ ടി.പി ഷാജി,സര്‍വ്വീസ് ജനറല്‍ മാനേജര്‍ രാഗേഷ് നാഗ്പാല്‍,ഓട്ടോമോട്ടീവ് സ്‌കില്‍സ് ഡെവലപ്മെന്റ് കൗണ്‍സില്‍ സി.ഇ.ഒ അരിന്ദം ലഹിരി എന്നിവര്‍ ഓണ്‍ലൈനായും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസ് സി.എഫ്.ഒ ജോണ്‍ വര്‍ഗ്ഗീസ്, ഓട്ടോമോട്ടീവ് സ്‌കില്‍സ് ഡെവലപ്മെന്റ് കൗണ്‍സില്‍ ദക്ഷിണ മേഖല മേധാവി ജി.രമേഷ്,ഹീറോ മോട്ടോകോര്‍പ്പ് ഏരിയ മാനേജര്‍ ടി.കിരണ്‍കുമാര്‍,ഏരിയ സര്‍വ്വീസ് മാനേജര്‍ സൗരഭ് ശര്‍മ്മ,ഏരിയ ലേണിംഗ് മാനേജര്‍ ബി.ടി സന്തോഷ് കുമാര്‍,കുറ്റൂക്കാരന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഡോ. ബി.പ്രസന്ന സിംഗ്,പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ സ്റ്റെഫിന്‍ ജോണ്‍ കരുമാലൂര്‍ ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ കെ.എം.ലൈജു,പി.ടി.എ പ്രസിഡന്റ് സിറാജ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.