Friday, May 3, 2024
keralaNews

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പരിശോധന വര്‍ദ്ധിപ്പിക്കും

കോട്ടയം ജില്ലയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ രോഗപരിശോധന ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. ഹോസ്റ്റലുകള്‍, അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ താമസിക്കുന്ന സ്ഥാപനങ്ങളില്‍ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കും.

വ്യവസായ സമുച്ചയങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലെ മുഴുവന്‍ ജീവനക്കാരെയും പരിശോധിക്കും. പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിക്കുന്നതും മതചടങ്ങുകള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും, വിവിധ ചടങ്ങുകള്‍ നടക്കുന്ന വേദികളിലും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തും. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും.