Tuesday, May 14, 2024
keralaNews

പട്ടയം: മലയോര സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്

മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മലയോര സംരക്ഷണ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1977ന് മുമ്പ് കുടിയേറിയ കര്‍ഷര്‍കരെ മാറിമാറി വന്ന സര്‍ക്കാരുകള്‍ നാളിതുവരെ വഞ്ചിക്കുകയായിരുന്നെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

ഇതിനെതിരെ ഫെബ്രുവരി അഞ്ച്, ആറ് തീയ്യതികളില്‍ ഒല്ലൂര്‍ മണ്ഡലത്തില്‍ മലയോര കുടിയേറ്റ കര്‍ഷക ജാഥ നടത്തും. 2019ല്‍ മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ഡിസംബറിന് മുമ്പ് പട്ടയം നല്‍കുമെന്ന് പ്രഖ്യാപിച്ചതാണെങ്കിലും ഇതേവരെ നടപടി ഉണ്ടായിട്ടില്ല. കാട്ടുമൃഗങ്ങള്‍ കൃഷിയും കൃഷിയിടവും നശിപ്പിച്ചിട്ടും നിഷേധാത്മക നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. കേന്ദ്രാനുമതി ലഭിച്ച ഭൂമിക്ക് പോലും കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കാതെ കേന്ദ്ര സര്‍ക്കാറിനെ കുറ്റംപറഞ്ഞ് രക്ഷപ്പെടുകയാണ് സംസ്ഥാന സര്‍ക്കാര്‍.

കേരളത്തിലെ കര്‍ഷകരെ സഹിയിക്കാതെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളേയും നേതാക്കളേയും ജനങ്ങള്‍ തിരിച്ചറിയുമെന്നും മലയോര സംരക്ഷണ സമിതി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍, കെ.കെ. ജോര്‍ജ് കാക്കശ്ശേരി, ശശി നങ്ങാമലയില്‍, എം.കെ. ജോയ്, സോണി ബാബു എന്നിവര്‍ പങ്കെടുത്തു.