Friday, May 3, 2024
keralaNews

കോവിഡ് മൂന്നാം തരംഗം; മരണങ്ങളില്‍ അധികവും സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍.

ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ നഗരമായ മീററ്റില്‍ ഇതുവരെ 767 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 320 മരണങ്ങളും അതായത് ആകെ മരണത്തിന്റെ 42 ശതമാനവും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആകെ മരണങ്ങളില്‍ 320 പേരും സിഗരറ്റ് വലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവരായിരുന്നു. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ പുകവലി ശ്വാസകോശത്തെയും ശരീരത്തിനുള്ളിലെ സംരക്ഷണ പാളിയെയും നേരിട്ട് ബാധിക്കുന്നു. പതിവായി പുകവലിക്കുന്നവരിലും മറ്റ് പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലും കോവിഡ് സുരക്ഷിതമായ താവളം കണ്ടെത്തുന്നു. കൂടാതെ മീററ്റില്‍ കണ്ടതുപോലെ ഗുരുതരമായ രോഗങ്ങളിലേയ്ക്കും മാരകമായ പ്രത്യാഘാതങ്ങളിലേയ്ക്കും നയിക്കും. രോഗികളുടെ മരണത്തിനുള്ള സാധ്യതയും വര്‍ദ്ധിക്കും.

പുകവലിയ്ക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. കോവിഡ് 19 ന്റെ മൂന്നാം തരംഗം ഇത്തരക്കാരെ രൂക്ഷമായ രീതിയില്‍ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍, മഹാമാരിയുടെ അടുത്ത ഘട്ടത്തില്‍ ഉണ്ടാകുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ പുകവലിക്കുന്നയാളുകള്‍ അത് ഉപേക്ഷിക്കുകയും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് എടുക്കുകയും വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.