Thursday, May 2, 2024
educationindiakeralaNews

രാഷ്ട്രപതി പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ഐഎന്‍എസ് ദ്രോണാചാര്യക്ക് സമ്മാനിച്ചു

കൊച്ചി : പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ഐഎന്‍എസ് ദ്രോണാചാര്യക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു സമ്മാനിച്ചു. ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദീപക് സ്‌കരിയയാണ് ഐഎന്‍എസ് ദ്രോണാചാര്യക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. സായുധ സൈനിക പരിശീലന യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ്. നാവിക സേനയുടെ സായുധ പരിശീലന കേന്ദ്രമാണ് കൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യ. രൂപ ഘടനയിലും വര്‍ണ വിന്യസത്തിലും മാറ്റം വരുത്തിയ ശേഷമുള്ള പുതിയ പതാകയാണ് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് മുദ്രയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. അഭിമാനകരമായ നേട്ടം ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതിയായതിന് ശേഷം ആദ്യമായാണ് ദ്രൗപതി മുര്‍മു കേരളം സന്ദര്‍ശിക്കുന്നത്. ഉച്ചയ്ക്ക് ഒന്നേമുക്കാലിന് നെടുമ്പാശ്ശേരി  വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.