Friday, April 19, 2024
indiaNewsworld

വിമാനത്താവളത്തിലൂടെ വിദേശ മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച യാത്രക്കാര്‍ പിടിയില്‍

ചെന്നൈ: ബാങ്കോക്കില്‍ നിന്നും വിമാനത്താവളത്തിലൂടെ അഞ്ച് വിദേശ മൃഗങ്ങളെ കടത്താന്‍ ശ്രമിച്ചവരെ ചെന്നൈ കസ്റ്റംസിന്റെ പിടികൂടി. ലഗേജിലൂടെ ബാങ്കോക്കില്‍ നിന്നാണ് ഇവര്‍ മൃഗങ്ങളെ എത്തിച്ചത്. പിടികൂടിയ മൃഗങ്ങളെ ഉദ്യോഗസ്ഥര്‍ തായ്‌ലന്‍ഡിലേക്ക് തിരിച്ചയച്ചു.യാത്രക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.      കുള്ളന്‍ മംഗൂസ്, കോമണ്‍ സ്പോട്ടഡ് കസ്‌കസ് എന്നീ മൃഗങ്ങളെയാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. അംഗോള, വടക്കന്‍ നമീബിയ, ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നടാല്‍, സാംബിയ, കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു മംഗൂസ് ഇനമാണ് കുള്ളന്‍ മംഗൂസ്. ഇവ മഞ്ഞ കലര്‍ന്ന ചുവപ്പ്,കടും തവിട്ട് എന്നീ നിറങ്ങളിലാണ് കാണപ്പെടുന്നത്. മൃദുവായ രോമങ്ങള്‍, വലിയ കൂര്‍ത്ത തല, ചെറിയ ചെവികള്‍, നീളമുള്ള വാല്‍, ചെറിയ കൈകാലുകള്‍, നീണ്ട നഖങ്ങള്‍ എന്നിവയാണ് ഈ മൃഗങ്ങളുടെ പ്രത്യേകത. ഓസ്‌ട്രേലിയയിലെ കേപ് യോര്‍ക്ക് മേഖലയിലും ന്യൂ ഗിനിയയിലും, ചെറിയ ദ്വീപുകളിലും വസിക്കുന്നവയാണ് കോമണ്‍ സ്പോട്ടഡ് കസ്‌കസ്. വീടുകളില്‍ വളര്‍ത്തുന്ന പൂച്ചയുടെ വലിപ്പം മാത്രമെ ഇവയ്ക്കുള്ളൂ. വൃത്താകൃതിയിലുള്ള തല, ചെറിയ മറഞ്ഞിരിക്കുന്ന ചെവികള്‍, കട്ടിയുള്ള രോമങ്ങള്‍ എന്നിവയാണ് ഈ മൃഗത്തിന്റെ പ്രത്യേകത.