Wednesday, May 8, 2024
HealthkeralaNews

കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നതിനിടെ സംസ്ഥാനത്തു മെഡിക്കല്‍ ഓക്‌സിജനു വില കൂട്ടുന്നു.

കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നതിനിടെ സംസ്ഥാനത്തു മെഡിക്കല്‍ ഓക്‌സിജനു വില കൂട്ടുന്നു. 11.50 രൂപയ്ക്കു ലഭിച്ചിരുന്ന ഒരു ക്യുബിക് മീറ്റര്‍ ഓക്‌സിജന്റെ വില 17 രൂപയാകും. സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്‌സിജന്‍ ഉല്‍പാദകരായ പാലക്കാട് കഞ്ചിക്കോട് പ്ലാന്റിന്റെ ഉടമകള്‍ വില കൂട്ടുന്ന വിവരം സംസ്ഥാനത്തെ വിതരണക്കാരെ വാക്കാല്‍ അറിയിച്ചു.

ഓക്‌സിജന്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വെള്ളവും വൈദ്യുതിയുമാണ്. കഞ്ചിക്കോട് പ്ലാന്റിന് ആവശ്യമുള്ള വെള്ളം മലമ്പുഴ അണക്കെട്ടില്‍നിന്നു കിന്‍ഫ്ര മുഖേനയാണു നല്‍കുന്നത്. വൈദ്യുതി കെഎസ്ഇബിയും. നിലവില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്കില്‍ വര്‍ധന ഉണ്ടായിട്ടില്ലെന്നിരിക്കെ ഓക്‌സിജനു വില കൂട്ടുന്നതു ന്യായീകരിക്കാനാവില്ലെന്നും വര്‍ധിച്ച ഉപയോഗം മുന്‍കൂട്ടിക്കണ്ടു കൊള്ളലാഭം കൊയ്യാനുള്ള തന്ത്രമാണിതെന്നും വിതരണക്കാര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഓക്‌സിജന്‍ വിതരണ മേല്‍നോട്ടമുള്ള പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസിവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസോ) ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസിവ്‌സ് ഡോ.ആര്‍.വേണുഗോപാലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഓക്‌സിജന്‍ വിതരണക്കാരുടെയും കഞ്ചിക്കോട് പ്ലാന്റ് പ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗം വിളിച്ചിരുന്നു. ഓക്‌സിജന്റെ വില മുംബൈയിലുള്ള ഉല്‍പാദകരാണു നിശ്ചയിക്കുന്നതെന്നാണു പ്ലാന്റിന്റെ ചുമതലയുള്ളവര്‍ പറഞ്ഞത്.

അയല്‍ സംസ്ഥാനങ്ങളില്‍ കോവിഡ് ഉയര്‍ന്നതോടെ അവിടെയുള്ള സ്വകാര്യ പ്ലാന്റുകളില്‍നിന്നു കേരളത്തിലേക്കുള്ള ഓക്‌സിജന്‍ വരവു നിലച്ച മട്ടാണ്. അതിനാല്‍ സംസ്ഥാനത്തെ ഓക്‌സിജന്‍ വിതരണത്തിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നതു കഞ്ചിക്കോട്ടെ പ്ലാന്റ് ആണ്.