Wednesday, April 24, 2024
keralaNewspolitics

മന്ത്രിസ്ഥാനത്തെക്കാള്‍ വലുത് ആശയമാണ്. മന്ത്രിസ്ഥാനം പോകുന്നെങ്കില്‍ പോകട്ടെ

ഐഎന്‍എല്‍ പിളര്‍പ്പ്: സിപിഎം അന്ത്യശാസനം തള്ളി കാസിം ഇരിക്കൂര്‍ വിഭാഗം

മന്ത്രിസ്ഥാനത്തെക്കാള്‍ വലുത് ആശയമാണ്. മന്ത്രിസ്ഥാനം പോകുന്നെങ്കില്‍ പോകട്ടെയെന്ന നിലപാടുമായി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വിഭാഗം. കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കാസിം ഇരിക്കൂര്‍ വിഭാഗം നിലപാട് കടുപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബുമായി ഒരു തരത്തിലും ചേര്‍ന്നു പോകാനില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്.

മന്ത്രിസ്ഥാനം നല്‍കാനും തിരിച്ചെടുക്കാനും ഇടതുമുന്നണിക്ക് അവകാശമുണ്ട്. ഇതോടെ ഐഎന്‍എല്ലിലെ പിളര്‍പ്പ് ഒഴിവാക്കാനുള്ള സിപിഎം ശ്രമം പാളി. ഐഎന്‍എല്‍ മന്ത്രിസ്ഥാനം ഇടതു മുന്നണി തിരിച്ചെടുക്കുന്നെങ്കില്‍ തിരിച്ചെടുക്കട്ടെ, വഹാബ് വിഭാഗവുമായി ചേര്‍ന്നു പോകാന്‍ കഴിയില്ല, മന്ത്രി അവരുമായി എന്തു ചര്‍ച്ച ചെയ്താലും തീരുമാനമെടുക്കുണ്ടേത് പാര്‍ട്ടി ദേശീയ പ്രസിഡന്റാണ്. ദേശീയ പ്രസിഡന്റിനെ തീവ്രവാദിയെന്നാണ് വഹാബും കൂട്ടരും വിശേഷിപ്പിച്ചത്. മന്ത്രി തങ്ങള്‍ക്കൊപ്പമെന്നും കാസിം ഇരിക്കൂര്‍ വിഭാഗം പറഞ്ഞു. ദേശീയ ട്രഷറര്‍ ഡോ.എ.എ. അമീന്റെ നേതൃത്വത്തിലായിരുന്നു വാര്‍ത്താസമ്മേളനം.

പിളര്‍ന്നു എന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അമീന്‍ പറഞ്ഞു. എ.പി. അബ്ദുള്‍ വഹാബും മറ്റ് ആറു പേരും സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയാണുണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് തേവര്‍കോവിലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ച രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു.നടപടി ഉറപ്പാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് വഹാബും കൂട്ടരും ഇറങ്ങിപ്പോയത്. ക്വട്ടേഷന്‍ സംഘങ്ങളുമായിട്ടായിരുന്നു ഇവര്‍ എത്തിയത്. വഹാബും കൂട്ടരും യോഗത്തില്‍ നിന്ന് ഇറങ്ങി വന്നയുടന്‍ ഇവര്‍ കൊണ്ടുവന്ന ക്രിമിനലുകള്‍ അക്രമം അഴിച്ചുവിട്ടു.ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും 14 ജില്ലാ കമ്മിറ്റികളും മുഴുവന്‍ പോഷക സംഘടനകളും, നാഷണല്‍ യൂത്ത് ലീഗ്, നാഷണല്‍ ലേബര്‍ യൂണിയന്‍, നാഷണല്‍ വുമന്‍സ് ലീഗ്, നാഷണല്‍ സ്റ്റുഡന്റ്സ് ലീഗ്, നാഷണല്‍ പ്രവാസി ലീഗ്, ജില്ലയിലെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളും നേതാക്കന്മാരും തങ്ങള്‍ക്കൊപ്പമാണെന്നും നേതാക്കള്‍ അവകാശപ്പെട്ടു.