Monday, May 6, 2024
keralaNews

കോഴിക്കോട് ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം.

കോഴിക്കോട് മീഞ്ചന്തയില്‍ ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം. അഗ്‌നിശമന സേനയുടെ എട്ട് യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. പുലര്‍ച്ചെ രണ്ടരയോടെയാണ് ഗോഡൗണില്‍ തീപിടിച്ചത്. തീ ആളിപ്പടരുന്നതിനാല്‍ സമീപവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കോഴിക്കോട് കൊളത്തറ റഹ്‌മാന്‍ ബസാറിലെ മാര്‍ക് 3 എന്ന ചെരുപ്പ് കമ്പനിയുടെ പ്രധാന ഗോഡൗണിനാണ് തീപിടിച്ചത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. സ്ഥാപനത്തിന്റെ മേല്‍ക്കൂര തകര്‍ന്നടിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എങ്ങനെ തീപിടിത്തമുണ്ടായി എന്നത് വ്യക്തമല്ല.ഗോഡൗണിന്റെ മുന്‍വശത്തെ തീ പൂര്‍ണമായും അണച്ചു. അതേസമയം, പുറകുവശത്തെ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ഏകദേശം 160 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരാണ് തീപിടിത്തം ആദ്യം കണ്ടത്. ഉടന്‍ തന്നെ അഗ്‌നിശമന സേനയെ വിളിക്കുകയായിരുന്നു. ആദ്യം 5 യൂണിറ്റുകള്‍ എത്തി. പിന്നീട് അഗ്‌നിശമന സേനയുടെ 3 യൂണിറ്റുകള്‍ കൂടി എത്തുകയായിരുന്നു.