Friday, May 3, 2024
educationkeralaNews

കോളേജുകളില്‍ പുതിയ ബാച്ച് ഒക്ടോബര്‍ 1 മുതല്‍

രാജ്യത്തെ കോളേജ്, സര്‍വകലാശാലാ പ്രവേശന നടപടികള്‍ സെപ്റ്റംബര്‍ 30ന് അകം പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിനു ക്ലാസ് ആരംഭിക്കാന്‍ യുജിസി നിര്‍ദേശിച്ചു. സീറ്റൊഴിവ് ഒക്ടോബര്‍ 31 വരെ നികത്താം. യോഗ്യതാപരീക്ഷയുടെ രേഖകള്‍ ഡിസംബര്‍ 31 വരെയേ സ്വീകരിക്കൂ. എല്ലാ സ്‌കൂള്‍ ബോര്‍ഡുകളുടെയും 12ാം ക്ലാസ് ഫലം വന്നശേഷമേ ബിരുദ പ്രവേശന നടപടികള്‍ തുടങ്ങാവൂ. ഫലം ജൂലൈ 31ന് അകം വന്നില്ലെങ്കില്‍ ക്ലാസ് ആരംഭിക്കുന്നത് ഒക്ടോബര്‍ 18ലേക്കു മാറ്റാം. ക്ലാസ് നേരിട്ടോ ഓണ്‍ലൈനിലോ ഇവ രണ്ടും ചേര്‍ന്ന രീതിയിലോ നടത്താന്‍ സ്ഥാപനങ്ങള്‍ക്കു സൗകര്യാര്‍ഥം തീരുമാനിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും പരിഗണിക്കണം.

202021ലെ അവസാന വര്‍ഷ / അവസാന സെമസ്റ്റര്‍ പരീക്ഷ അടുത്തമാസം 31ന് അകം നേരിട്ടോ ഓണ്‍ലൈനിലോ രണ്ടുമായോ നടത്താം. മറ്റു സെമസ്റ്റര്‍ / വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കി, പകരം ഇന്റേണല്‍ അസസ്‌മെന്റോ മുന്‍ സെമസ്റ്ററിലെ പ്രകടനമോ അടിസ്ഥാനമാക്കി മൂല്യനിര്‍ണയം നടത്താം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഇക്കുറിയും തുടരും. ആദ്യ, അവസാന വര്‍ഷ / സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവരുടെ ക്ലാസുകള്‍ എത്രയും വേഗം തുടങ്ങാം. 2022 ല്‍ ഓഗസ്റ്റ് ഒന്നിന് അടുത്ത അധ്യയന വര്‍ഷം തുടങ്ങാനാകുംവിധം ഈ വര്‍ഷത്തെ ക്ലാസുകള്‍ ക്രമീകരിക്കണം.

അഡ്മിഷന്‍ ഒഴിവാക്കിയാല്‍ ഫീസ് മടക്കിനല്‍കണം

വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ ഒഴിവാക്കുകയോ കോളജ് മാറിപ്പോകുകയോ ചെയ്താല്‍ ഫീസ് മടക്കിനല്‍കണമെന്നു യുജിസി നിര്‍ദേശിച്ചു. ഒക്ടോബര്‍ 31 വരെ മുഴുവന്‍ ഫീസും മടക്കിനല്‍കണം. തുടര്‍ന്ന് ഡിസംബര്‍ 31 വരെ 1000 രൂപയില്‍ കൂടാത്ത കാന്‍സലേഷന്‍ ഫീ ഈടാക്കാം.