Friday, May 3, 2024
keralaNews

കോതമംഗലത്ത് വെടിയേറ്റു മരിച്ച മാനസയുടെയും രഖിലിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

കോതമംഗലത്തു കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ എല്ലാവരും സാക്ഷിയായത് വികാരനിര്‍ഭര രംഗങ്ങള്‍ക്ക്. രാവിലെ ഏഴരയോടെയാണ് കണ്ണൂര്‍ നാറാത്തെ വീട്ടില്‍ മാനസയുടെ മൃതദേഹമെത്തിച്ചത്.രക്ഷിതാക്കളും സഹോദരനും അടുത്ത ബന്ധുക്കളും കണ്ട ശേഷം, വീട്ടുമുറ്റത്ത് പൊതുദര്‍ശനം.നിരവധി പേരാണ് മാനസയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. മന്ത്രി എം.വി.ഗോവിന്ദന്‍, കെ.വി.സുമേഷ് എംഎല്‍എ, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു. അവസാനമായൊന്നു കണ്ട ശേഷം, അച്ഛന്‍ മാധവന്‍ മകള്‍ക്ക് സല്യൂട്ട് നല്‍കി. ‘എന്റെ പൊന്നുമോളേ’ എന്ന് നിലവിളിച്ച് അമ്മ അലമുറയിട്ട് കരഞ്ഞു.

കോതമംഗലത്ത് വെടിയേറ്റു മരിച്ച മാനസയുടെയും കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്തു മരിച്ച രഖിലിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. മാനസയെ കണ്ണൂര്‍ പയ്യാമ്പലത്തും രഖിലിനെ പിണറായി പന്തക്കപ്പാറ ശ്മശാനത്തിലുമാണു സംസ്‌കരിച്ചത്. സഹോദരനും അച്ഛന്റെ മൂത്ത സഹോദരന്റെ മക്കളും ചേര്‍ന്നു മാനസയുടെ കര്‍മങ്ങള്‍ ചെയ്തു.രാവിലെ തലശേരി മേലൂരിലെ വീട്ടിലെത്തിച്ച രഖിലിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിച്ചു.