Friday, May 10, 2024
keralaNews

അധികൃതരുടെ കണ്ണ് തുറക്കാന്‍ വേണ്ടി ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും നാട്ടുകാരുടെ പ്രതിഷേധം

ദൈവങ്ങള്‍ കനിയുവാന്‍ വേണ്ടി അമ്പലങ്ങളില്‍ മുട്ടിലിഴയുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും സാധാരണ രീതിയില്‍ കാണാറുണ്ട്. എന്നാല്‍ ഇവിടെ അധികൃതരുടെ കണ്ണ് തുറക്കാന്‍ വേണ്ടി വ്യത്യസ്ത സമരം ചെയ്തിരിക്കുകയാണ് വെള്ളിയാമറ്റം സ്വദേശികള്‍.വെള്ളിയാമറ്റം- ചെപ്പുകുളം പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കിക്കിട്ടാനായാണ് ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും നാട്ടുകാരുടെ ഈ അപൂര്‍വ പ്രതിഷേധം. പഞ്ചായത്ത് ഫന്‍ഡ് വകയിരുത്തിയിട്ടും വനംവകുപ്പിന്റെ അനുമതി കിട്ടാത്തതിനാലാണ് റോഡ് പണി എങ്ങുമെത്താത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡിന്റെ ശാപമോക്ഷത്തിനായാണ് ശരീരം വയ്യെങ്കിലും വൃദ്ധരടക്കമുള്ളവര്‍ സമരം ചെയ്ത് മുന്നോട്ട് വന്നത്. കഴിഞ്ഞ അഞ്ച് കൊല്ലമായി പ്രദേശവാസികള്‍ ഈ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്നു.അധികാരികള്‍ ഇനിയും ഈ ദുരിതം കണ്ടില്ലെന്ന് നടിച്ചാല്‍ വലിയ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുവാനാണ് ഇവരുടെ തീരുമാനം. അതേസമയം നിയമം അനുസരിച്ച് മാത്രമേ അനുമതി നല്‍കാനാവൂയെന്നാണ് വനംവകുപ്പിന്റെ മറുപടി.