Saturday, May 4, 2024
keralaNews

കോട്ടയത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് :മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ക്കിടയിലെ രോഗവ്യാപനം

കോട്ടയം മെഡിക്കല്‍ കോളേജില്‍ ആശങ്ക ഉയര്‍ത്തി ഡോക്ടര്‍മാര്‍ക്കിടയിലെ രോഗവ്യാപനം. ഇന്ന് മെഡിക്കല്‍ കോളേജിലെ 12 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പള്‍മണറി വിഭാഗത്തിലെയും സര്‍ജറി വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

15 ദിവസത്തിനിടെ 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കുതിച്ചുയരുന്ന കോവിഡ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. അതേസമയം, കോട്ടയം ജില്ലയില്‍ ഇന്ന് 973 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 961 പേര്‍ക്കും സമ്ബര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി 5194 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 18.73 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

പുതുതായി രോഗം ബാധിച്ചവരില്‍ 482 പുരുഷന്‍മാരും 390 സ്ത്രീകളും 101 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
272 പേര്‍ രോഗമുക്തരായി. 7932 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 92,308 പേര്‍ കോവിഡ് ബാധിതരായി. 85,811 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16,519 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.