Friday, April 26, 2024
keralaNewsObituary

കോടിയേരിയെ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കള്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മരണത്തില്‍ അനുശോചന പ്രവാഹം. രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്നും സ്നേഹപൂര്‍ണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടിയെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.കലാലയ രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയര്‍ന്ന് സിപിഎമ്മിന്റെ ഏറ്റവും ഉന്നതപദവിയിലെത്തുകയും എംഎല്‍എ, മന്ത്രി തുടങ്ങിയ പദവികളിലിരുന്ന് മികച്ച പ്രകടനം നടത്തുകയും ചെയ്ത കോടിയേരി ഏറെ ജനകീയനായിരുന്നു. അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ അഗാധമായി ദുഃഖിക്കുന്നുവെന്നും അദ്ദേഹം അനുശോചന കുറിപ്പില്‍ പറയുന്നു.  സിപിഎമ്മിന്റെ കരുത്തനായ ഒരു നേതാവിനെയാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. വിദ്യാര്‍ത്ഥി-യുവജനപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ കോടിയേരിയുമായി ബന്ധപ്പെടാന്‍ ഇടയായിട്ടുണ്ട്. പാര്‍ട്ടിക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മായാത്ത ചിരിയോടെ ആരോടും സൗഹൃദപൂര്‍വ്വം പെരുമാറുന്ന കോടിയേരിക്ക് മറ്റു പാര്‍ട്ടികളിലും ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. മന്ത്രി എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത് എന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുധ ബാധിതനായിരുന്നു. അര്‍ബുദ ബാധയക്കപ്പുറം മറ്റുചില ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു ചെന്നൈയിലേക്ക് മാറിയത്. ബാലസംഘം നേതാവാകേണ്ട 19 വയസില്‍ കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖര്‍ക്കൊപ്പമുള്ള ജയില്‍ക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണന്‍ വളര്‍ന്നു. 1982 ല്‍ തലശേരി എംഎല്‍എ. തോല്‍വിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലെത്തി എല്ലാവര്‍ക്കും സ്വീകാര്യനായി .