Friday, March 29, 2024
keralaNewsObituary

കോടിയേരിയുടെ വിയോഗത്തില്‍ അനുശോചിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് വി ഡി സതീശന്‍ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായി. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്റെ സൗഹൃദം വ്യാപിച്ചുവെന്നും വി ഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.                   പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരി. നിയമസഭ സാമാജികനെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കോടിയേരിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. രോഗത്തിന്റെ വേദനയിലും തന്റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവര്‍ക്ക് കോടിയേരി നല്‍കിയത്. സിപിഎമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

അനുശോചനം:   പി സി ജോര്‍ജ് 

പൂഞ്ഞാര്‍:സഖാവ് കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിലെ ഏറ്റവും സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവാണെന്ന് കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാന്‍ പി സി ജോര്‍ജ് അനുശോചിച്ചു. അദ്ദേഹത്തെ കമ്മ്യൂണിസ്റ്റുകാരനായി മാത്രമല്ല ഒരു ജനകീയ നേതാവായിട്ടാണ് കേരളത്തിലെ ജനങ്ങള്‍ കണ്ടിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആ കര്‍ക്കശ നിലപാടിന് വിരുദ്ധമായി ജനകീയ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെട്ടിരുന്ന ഒരു വലിയ മനുഷ്യനെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി എനിക്ക് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം അത്ര വലുതാണ്. ആ വലിയ മനുഷ്യന്റെ ദേഹവിയോഗത്തില്‍ വലിയ ദുഃഖം രേഖപ്പെടുത്തുന്നു.ആ കുടുംബത്തിന് സമാധാനം നല്‍കട്ടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു…