Sunday, May 5, 2024
keralaNewspolitics

കോടതിയിൽ  നിലനിൽക്കുന്ന കേസ്  ഗ്രാമസഭ അജണ്ടയിൽ ഉൾപ്പെടുത്തി പഞ്ചായത്ത്

പെരുന്നാട് :കോടതിയിൽ  നിലനിൽക്കുന്ന കേസ് ചർച്ച ചെയ്യുന്നതിനായി  ഗ്രാമസഭ അജണ്ടയിൽ ഉൾപ്പെടുത്തിയ പെരുന്നാട്   പഞ്ചായത്തിന്റെ  നടപടിക്കെതിരെ ബിജെപി പരാതി നൽകി.കരുതൽ സഹായനിധി എന്ന വിഷയമാണ്  റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് 25/10/21 ൽ പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം നവംബർ 1 മുതൽ 10 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഗ്രാമസഭയുടെ അജണ്ടയിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്.ഗ്രാമസഭയുടെ അംഗീകാരം നേടാതെയാണ് സഹായനിധി രൂപീകരിച്ചത്. ഈ പിരിവ് നടത്തിയശേഷം അംഗീകാരം നേടുന്നത് അംഗീകരിക്കാനാവില്ല. ബാങ്ക് സംബന്ധമായ വിഷയങ്ങൾ ബാങ്കിന്റ ഭരണസമിതിയാണ് തീരുമാനിക്കേണ്ടത് അംഗങ്ങൾ കൊഴിഞ്ഞുപോകുന്നതും, നിക്ഷേപകർ മൊത്തമായി പണം പിൻവലിക്കുന്നതോ ബാങ്ക് നഷ്ടത്തിലാകുന്നതോ, നിക്ഷേപകരുടെ എണ്ണം കൂട്ടാൻ ശ്രമിക്കുന്നതോ ഗ്രാമസഭയിൽ അവതരിപ്പിക്കേണ്ട വിഷയമല്ല. നാടിന്റെ പൊതുവായ ആവശ്യങ്ങൾ, പദ്ധതികൾ, ആസൂത്രണം എന്നിങ്ങനെ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ വിഷയങ്ങൾ ആയിരിക്കണം ഗ്രാമസഭ അജണ്ടയിൽ ഉൾപ്പെടുത്തേണ്ടത്. അല്ലാതെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ച് അംഗീകാരം നേടാൻ ശ്രമിക്കുന്നത് ചട്ടവിരുദ്ധമായതിനാൽ ഈ അജണ്ടകൾ പിൻവലിക്കണമെന്നും നടപടി  കോടതിയലക്ഷ്യമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വാർഡ് മെമ്പറും ബിജെപി നേതാവുമായ അരുൺ അനിരുദ്ധാണ്  പഞ്ചായത്ത്‌ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്.