Friday, May 10, 2024
keralaNews

കൊട്ടാരക്കര ഗ്രാമത്തിന്റെ നൊമ്പരമായി ധീരസൈനികന്‍

കൊട്ടാരക്കര ഗ്രാമത്തിന്റെ നൊമ്പരമായി ധീരസൈനികന്‍. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചത്.വൈശാഖിന്റെ സ്വപ്നമായിരുന്നു വീട്. ഇക്കഴിഞ്ഞ പുതുവര്‍ഷ ദിനത്തിലാണ് സ്വരുക്കൂട്ടി വച്ചിരുന്ന സ്വന്തം സമ്പാദ്യവും വായ്പയും എല്ലാം ചേര്‍ത്ത് വീടെന്ന സ്വപ്നം വൈശാഖ് യാഥാര്‍ഥ്യമാക്കിയത്. പക്ഷേ പിന്നീട് ഒരവധിക്കാലം മാത്രമാണ് വൈശാഖിന് ഈ വീട്ടില്‍ ചെലവിടാന്‍ കഴിഞ്ഞത്. നാലു മാസം മുമ്പ് അവസാനമായി നാട്ടിലെത്തി. ബന്ധുക്കളുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമെല്ലാം പ്രിയങ്കരനായിരുന്നു ഇരുപത്തിനാലു വയസു മാത്രം പ്രായമുളള ചെറുപ്പക്കാരന്‍.അമ്മ ബീനയെയും വിദ്യാര്‍ഥിനിയായ സഹോദരി ശില്‍പയെയും എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ സങ്കടപ്പെടുകയാണ് നാട്ടുകാരും ബന്ധുക്കളും. 2017ലാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. മഹാരാഷ്ട്രയിലെ പരിശീലനത്തിനു ശേഷം പഞ്ചാബിലായിരുന്നു പോസ്റ്റിംഗ്. തുടര്‍ന്നാണ് പൂഞ്ചിലേക്ക് മാറിയത്. ഞായറാഴ്ചയാണ് വീട്ടുകാരുമായും നാട്ടിലെ കൂട്ടുകാരുമായും വൈശാഖ് അവസാനമായി ഫോണില്‍ സംസാരിച്ചത്. പിന്നെ നാടറിയുന്നത് പ്രിയങ്കരനായ യുവസൈനികന്റെ ജീവത്യാഗത്തെ കുറിച്ചുളള വാര്‍ത്തയാണ്.