Tuesday, May 14, 2024
keralaNews

മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലും മോന്‍സന്‍ മാവുങ്കല്‍ നടത്തിയ ഇടപാടുകളെപ്പറ്റി ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു

പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പിന് (financial fraud) പുറമേ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ (medical university) പേരിലും മോന്‍സന്‍ മാവുങ്കല്‍ (Monson Mavunkal) നടത്തിയ ഇടപാടുകളെപ്പറ്റി ക്രൈംബ്രാഞ്ച് (Crime Branch) പരിശോധിക്കുന്നു. ചേര്‍ത്തലയിലെ നൂറേക്കറില്‍ രാജ്യാന്തര മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കായി ജീവനക്കാരെയും നിയമിച്ചിരുന്നു. ഇതിനിടെ സൗന്ദര്യ ചികിത്സയുടെ മറവില്‍ മോന്‍സന്‍ നടത്തിയ ആയുര്‍വേദ ചികിത്സയെക്കുറിച്ചും അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയെക്കുറിച്ചുളള വിവരം കിട്ടിയത്. 2018 ലാണ് ചേര്‍ത്തലയില്‍ കോസ്‌മോസ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയെന്ന പേരില്‍ രാജ്യാന്തര മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനം മോന്‍സന്‍ നടത്തിയത്. ഇതിലേക്കായി നിരവധി പേരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കലൂരിലെ മ്യൂസിയത്തിലായിരുന്നു നിയമനം. ചേര്‍ത്തലയില്‍ 100 ഏക്കര്‍ ഭൂമി പദ്ധതിക്കായി വാങ്ങിയെന്നും മൂന്നു മാസത്തിനുളളില്‍ നിര്‍മാണം തുടങ്ങുമെന്നുമാണ് അന്ന്  മോന്‍സന്‍ പറഞ്ഞിരുന്നത്. എച്ച്എസ്ബിസി ബാങ്കില്‍ 262000 കോടി രൂപ വന്നിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടിയാലുടന്‍ ആരോഗ്യ സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങുമെന്നുമായിരുന്നു വാക്ക്. ഒന്നും നടക്കാതെ വന്നതോടെ നിയമനം നേടിയ പലരും പിന്നീട് ജോലി ഉപേക്ഷിച്ചു പോയി. കോസ്‌മോസ് മെഡിക്കല്‍ യൂണിവേഴ്സ്റ്റിയുടെ പേരിലും മോന്‍സന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. സൗന്ദര്യ ചികിത്സയുടെ മറവില്‍ കലൂരിലെ മ്യൂസിയത്തില്‍ മോന്‍സന്‍ നടത്തിയ ആയുര്‍വേദ ചികിത്സയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. യുവതിയായ ആയുര്‍വേദ ഡോക്ടറായിരുന്നു വിഐപികള്‍ അടക്കമുളളവരെ ചികിത്സിച്ചത്. വ്യാജ ചികിത്സയുടെ പേരിലടക്കം മോന്‍സനെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഈ വനിതാ ഡോക്ടറുടെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും.