Saturday, May 4, 2024
keralaNews

കൊച്ചിയില്‍ ഷവര്‍മയുടെ വിലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഹോട്ടലുടമയ്ക്ക് കുത്തേറ്റു.

കൊച്ചി : ഷവര്‍മയുടെ വിലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഹോട്ടലുടമയ്ക്ക് കത്തിക്കുത്തേറ്റു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ആണ് ഷവര്‍മയുടെ വിലയെച്ചൊല്ലി തര്‍ക്കം ഉണ്ടായത്. ഷവര്‍മയ്ക്ക് പത്ത് രൂപ കൂടുതല്‍ ഈടാക്കിയെന്നാരോപിച്ചാണ് തര്‍ക്കം ആരംഭിച്ചത്.ഹോട്ടലില്‍ നടന്ന കത്തിക്കുത്തിലും ,സംഘര്‍ഷത്തിലും കടയുടമ അബ്ദുല്‍ ഗഫൂര്‍, മക്കളായ മുഹമ്മദ് റംഷാദ്, യാസര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. മുഹമ്മദ് റംഷാദ് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മുഹമ്മദിന് തലയിലും മറ്റുമായി 40 തുന്നിക്കെട്ടലുണ്ട്.

സംഭവത്തില്‍ ആവണംകോട് സ്വദേശികളായ ആലക്കട കിരണ്‍ (25),ചെറുകുളം നിഥിന്‍ (27), അണിയങ്കര വിഷ്ണു (24) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവര്‍ നേരത്തെ മദ്യക്കടത്ത് ,കഞ്ചാവ് ,കേസുകളില്‍ പ്രതികള്‍ ആയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.അക്രമത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ ശ്രീഭൂതപുരത്തെ ,ഇഷ്ടികക്കളത്തില്‍ നിന്നും ആവണംകോട്ട് കപ്പത്തോട്ടത്തില്‍ നിന്നുമാണു പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു, എസ്‌ഐ ജയപ്രസാദ്, എഎസ്‌ഐ പ്രമോദ്, സിപിഒമാരായ ജോസഫ്. ജിസ്‌മോന്‍, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.