Monday, May 6, 2024
indiaNewsworld

എയര്‍ ഇന്ത്യ വിമാനം റുമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ എത്തി.

ന്യൂഡല്‍ഹി :യുക്രെയ്‌നില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാര്‍ ഇന്നു നാട്ടിലെത്തും. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ റുമാനിയയില്‍നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമാണ് എത്തുക. കൂടുതല്‍ പേരെ യുക്രെയ്‌നിന്റെ അതിര്‍ത്തിയിലെത്തിക്കാന്‍ നടപടി പുരോഗമിക്കുകയാണ്. ഇതിനായി ശനിയാഴ്ച മുംബൈ വിമാനത്താവളത്തില്‍നിന്ന് തിരിച്ച എയര്‍ ഇന്ത്യ വിമാനം റുമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ എത്തി.എഐ1947 എന്ന വിമാനമാണ് ബുക്കാറസ്റ്റില്‍ എത്തിയത്. നാല് മണിയോടെ ആദ്യ ഇന്ത്യന്‍ സംഘം ഡല്‍ഹിയില്‍ എത്തും. സംഘത്തില്‍ 17 മലയാളികള്‍ ഉള്‍പ്പെടെ 470 വിദ്യാര്‍ഥികളാണ് ഉള്ളത്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും രക്ഷാദൗത്യത്തിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ നടത്തും. എംബസി നിര്‍ദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അധികൃതരുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തികളിലേക്കു വരരുത്. ജാഗ്രത തുടരണമെന്നും യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. യുക്രെയ്നിലെ ഇന്ത്യക്കാരെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമാനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗമെത്തിച്ചശേഷമാണ് വിമാനമാര്‍ഗം ഇന്ത്യയിലേക്കു കൊണ്ടുവരിക. വിമാനച്ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ഏകദേശം 1500 പേര്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികളിലെത്തിയതായാണു വിവരം.