Sunday, May 5, 2024
EntertainmentkeralaNews

കൊച്ചിന്‍ ഹനീഫ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം

വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് മലയാളികളുടെ അഭിമാനമായി മാറിയ കൊച്ചിന്‍ ഹനീഫ വിടവാങ്ങിയിട്ട് ഇന്ന് പതിനൊന്ന് വര്‍ഷം തികഞ്ഞിരിക്കുകയാണ്. അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും ചലച്ചിത്രലോകത്ത് പകരം വയ്ക്കാനില്ലാത്ത വേഷങ്ങള്‍ പകര്‍ന്നാടിയ ഹനീഫ മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരനായ നടനായിരുന്നു. നര്‍മ്മം കലര്‍ന്ന സംസാരത്തിലൂടെയും അഭിനയ മികവിലൂടെയും അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത് ഒരുപിടി നല്ല ഓര്‍മ്മകളാണ്. കലാജീവിതത്തിന്റെ തുടക്കം മിമിക്രിയില്‍ ആയിരുന്നു. മഹാരാജാസില്‍ പഠിക്കുമ്‌ബോള്‍ തന്നെ ശിവാജി ഗണേശനേയും സത്യനേയും ഉമ്മറിനേയും ഒക്കെ അനുകരിച്ച് കയ്യടി നേടിയിരുന്നു. 1951 ഏപ്രില്‍ 22നാണ് കൊച്ചിന്‍ ഹനീഫ ജനിച്ചത്. 70 കളില്‍ ‘അഷ്ടവക്രന്‍’ എന്ന ചിത്രത്തിലൂടേ സിനിമാജീവിതം ആരംഭിച്ച സലീം മുഹമ്മദ് ഘൗഷ് കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പില്‍ അംഗമായതോടെ കൊച്ചിന്‍ ഹനീഫയായി.

എഴുപതുകളുടെ അവസാനത്തോടെ സിനിമാരംഗത്തേക്ക് ചുവടുവച്ചു. തുടക്കം വില്ലന്‍ വേഷങ്ങളിലൂടെ. പിന്നീട് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ സമാനതകളില്ലാത്ത സ്ഥാനം കരസ്ഥമാക്കിയ ഹനീഫ വാത്സല്യം എന്ന ചിത്രത്തിലൂടെ സംവിധാന മികവും തെളിയിച്ചു. വില്ലന്‍ വേഷങ്ങളിലൂടെ ആരംഭിച്ച് ഹാസ്യകഥാപാത്രങ്ങളിലേക്ക് ചേക്കേറിയ അദ്ദേഹം മലയാളത്തിലും തമിഴിലുമായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. കുറച്ചുകാലം തമിഴില്‍ സംവിധായകനും തിരക്കഥാകൃത്തുമായി. അതിനുശേഷം ഒരു ഇടവേള കഴിഞ്ഞ് ഹാസ്യ വേഷങ്ങളിലൂടെ കൊച്ചിന്‍ ഹനീഫ മലയാളത്തിലേയ്ക്ക് തിരികെ വന്നു.

കിരീടത്തിലെ ഹൈദ്രോസ് ആയിരുന്നു അതില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം. തന്റെ മാനറിസങ്ങള്‍ കൊണ്ട് ഹാസ്യത്തിനു ഒരു പുതിയമാനം തന്നെ തീര്‍ത്തെടുക്കുകയായിരുന്നു ആ ചിത്രത്തിലൂടെ ഹനീഫ. കൂടാതെ പഞ്ചാബി ഹൌസിലെ ബോട്ടു മുതലാളിയും, മാന്നാര്‍ മത്തായി സ്പീക്കിംഗിലെ എല്‍ദോയും, പുലിവാല്‍ കല്യാണത്തിലെ ടാക്‌സി ഡ്രൈവറും, മീശ മാധവനിലെ പെടലിയും, ഒക്കെ കൊച്ചിന്‍ ഹനീഫയുടെ കയ്യൊപ്പുവീണ കഥാപാത്രങ്ങളാണ്. ഈ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കടത്തനാടന്‍ അമ്ബാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നിവയുടെ തിരക്കഥാകൃത്തായി. ജീവിതത്തില്‍ അഭിനയിക്കാത്ത ഹനീഫയുടെ മുഖമുദ്ര അദ്ദേഹത്തിന്റെ ലാളിത്യമായിരുന്നു. താരജാഡകളില്ലാത്ത ഹാസ്യത്തിന്റെ തമ്ബുരാന്‍ അരങ്ങൊഴിഞ്ഞെങ്കിലും അദ്ദേഹം ജീവന്‍ നല്‍കിയ കഥാപാത്രങ്ങളിലൂടെ കൊച്ചിന്‍ ഹനീഫ ഇനിയും ഓര്‍മ്മിക്കപ്പെടും