Sunday, May 5, 2024
keralaNewspolitics

കൈക്കൂലി കേസ്: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിക്ക് ഇഡിയുടെ നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് എന്‍ഫോഴ്സ്മെന്റ് നോട്ടീസ്. നൂറ് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന പരാതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് എന്‍സിപി നേതാവായ ദേശ്മുഖിന് സമന്‍സ് അയച്ചിരിക്കുന്നത്. അനില്‍ ദേശ്മുഖിന്റെ സഹായിയായ രണ്ട് പേരെ നേരത്തെ കേസില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദേശ്മുഖിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.                                                                          ദേശ്മുഖിന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് പലാന്‍ഡെ, പേഴ്‌സണല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഇരുവരേയും എന്‍ഫോഴ്സ്മെന്റ് അറസ്റ്റും ചെയ്തിരുന്നു.സംസ്ഥാനത്തെ ബാറുകളില്‍ നിന്ന് മാസം 100 കോടി രൂപ പിരിച്ച് നല്‍കാന്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് ആരോപിച്ചിരുന്നു. ഇത് മഹാരാഷ്ട്ര സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളാലാണ് അനില്‍ ദേശ്മുഖ് ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്.മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ പരംബീര്‍ സിങ്ങിനെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിയിരുന്നു.                                                                                                      തുടര്‍ന്നാണ് പരംബീര്‍ സിങ് ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയത്. കേസില്‍ സസ്‌പെന്‍ഷനിലായ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയെ ഉപയോഗിച്ച് മുംബൈയിലെ ബാറുകളില്‍ നിന്നായി എല്ലാമാസവും 100 കോടി രൂപ കൈക്കലാക്കാന്‍ ദേശ്മുഖ് ശ്രമിച്ചുവെന്നാണ് പരംബീര്‍ സിങ് വെളിപ്പെടുത്തിയത്.അതേസമയം തങ്ങള്‍ക്ക് കേസ് അന്വേഷണത്തിനെ കുറിച്ച് യാതൊരു വിശദാംശങ്ങളും അറിയിച്ചു. അതിനാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് അനില്‍ ദേശ്മുഖിന്റെ അഭിഭാഷകന്‍ അഡ്വ.. ജയന്ത് പാട്ടീല്‍ അറിയിച്ചു. കേസ് സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റിനോട് തേടിയിട്ടുണ്ട്. ഇതിനൊരു മറുപടി ലഭിച്ചശേഷം പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.