Tuesday, May 14, 2024
keralaNews

ഫോണ്‍ കൈമാറിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളേണ്ടി വരുമെന്ന് കോടതി

ദിലീപിന്റെയും മറ്റു പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതി റജിസ്ട്രിയുടെ കസ്റ്റഡിയില്‍ വയ്ക്കുന്നതല്ലേ ഉചിതമെന്ന് ഹൈക്കോടതി. ഫോണ്‍ കൈമാറിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. തുടര്‍ന്ന് ഉപഹര്‍ജി വിശദവാദത്തിനായി ഇന്നത്തേക്കു മാറ്റി. ഇന്ന് അവധിദിവസമാണെങ്കിലും ഇതിനായി പ്രത്യേക സിറ്റിങ് നടത്തും.നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയാണു ജസ്റ്റിസ് പി.ഗോപിനാഥ് പരിഗണിക്കുന്നത്.ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചെന്നു ദിലീപ് അറിയിച്ചു. തെളിവുകള്‍ കെട്ടിച്ചമയ്ക്കുമെന്നു ഭയമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണം വ്യാജമാണെന്നു തെളിയിക്കുന്ന വിവരങ്ങള്‍ ഫോണിലുണ്ടെന്നും അറിയിച്ചു. ഫോണുകള്‍ ആവശ്യപ്പെടുന്നതു സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.