Monday, April 29, 2024
keralaNews

കേരളത്തില്‍ വില കയറ്റമില്ലാതാക്കി -മന്ത്രി പി തിലോത്തമന്‍

 

കമ്‌ബോളത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി സംസ്ഥാനത്ത് വിലക്കയറ്റമില്ലാത്ത നാളുകള്‍ സൃഷ്ടിക്കാനായെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. കമ്‌ബോളത്തില്‍ വ്യതിയാനം ഉണ്ടായാലും വിലയില്‍ മാറ്റമുണ്ടാവരുതെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞു. കണ്ണനല്ലൂരില്‍ പ്രവര്‍ത്തിച്ചു വന്ന സപ്ലൈകോ മാവേലി സ്റ്റോര്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ സൂപ്പര്‍മാര്‍ക്കറ്റായി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കമ്‌ബോളത്തിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് സപ്ലൈകോയും മാറേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഉപഭോക്താവിന് ആവശ്യമുള്ളവ സ്വയം തിരഞ്ഞെടുക്കാന്‍ കഴിയണം. ഇതിനു സാഹചര്യം ഒരുക്കാനാണ് പഴയ മാവേലി സ്റ്റോറുകളെ പരിവര്‍ത്തനം ചെയ്ത് പീപ്പിള്‍ ബസാറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളുമാക്കി ഉയര്‍ത്തിയത്.

ബഹുരാഷ്ട്ര കമ്ബനികളുടെ കടന്നു വരവില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇതിനെ തരണം ചെയ്യാന്‍ വേണ്ടിയാണ് സപ്ലൈകോ ഔട്ട്ലറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതും നിലവിലുള്ളത് നവീകരിക്കുന്നതും. നിലവില്‍ ഏഴ് പഞ്ചായത്തില്‍ മാത്രമാണ് സപ്ലൈകോ വില്‍പന ശാലകള്‍ ഇല്ലാത്തത്. ഇവിടെ ആറിടത്ത് സൗകര്യങ്ങള്‍ കണ്ടെത്തി ഔട്ട്ലറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള ഒരു സ്ഥലത്ത് മൊബൈല്‍ മാവേലി സ്റ്റോര്‍ കൂടി ആരംഭിക്കുന്നതോടെ കേരളത്തില്‍ എല്ലായിടത്തും സപ്ലൈകോ വില്‍പ്പന ശൃംഖല തീര്‍ക്കും.

ബജറ്റില്‍ 230 കോടി രൂപയാണ് വിപണി ഇടപെടലുകള്‍ക്കായി നീക്കി വെച്ചത്.കോവിഡ് കാലത്ത് പത്ത് മാസം ആയിരക്കണക്കിന് രൂപയുടെ ആനുകൂല്യം വിപണി ഇടപെടലുകള്‍ക്കായി ലഭിച്ചു. ഇനിയും തുടരുന്ന ഭക്ഷ്യ കിറ്റിനു ഇത് ലഭിച്ചുകൊണ്ടിരിക്കുന്നതായും മന്ത്രി പറഞ്ഞു.

സപ്ലൈകോ വിതരണം ചെയ്യുന്ന 13 സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കരുത് എന്ന തീരുമാനത്തില്‍ നൂറ് ശതമാനം നടപ്പിലാക്കാന്‍ കഴിഞ്ഞു. അതു ഇനിയും തുടരും. കേരളത്തില്‍ 96% ആളുകളും റേഷന്‍ കടയില്‍ നിന്നും ധാന്യവും സൗജന്യ കിറ്റും വാങ്ങുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ ഉത്പന്നങ്ങളും ഒരു കുടകീഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സബര്‍മന്‍ മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ജില്ലയില്‍ ആരംഭിച്ചിരിക്കുന്നതായും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ അധ്യക്ഷയായി.കോവിഡ് സാഹചര്യത്തില്‍ 88 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഗുണമേന്മയുള്ള സൗജന്യ ഭക്ഷ്യ കിറ്റ് നല്‍കാന്‍ കഴിഞ്ഞത് അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.